ലോകകപ്പിന് മുമ്പ് അവസാന മത്സരം കളിക്കാനൊരുങ്ങി ബയേൺ.!
ലോകകപ്പ് വരുന്നതിനാൽ ബുണ്ടസ് ലിഗയിൽ അവസാന ഘട്ട മത്സരങ്ങൾ നടക്കാൻ ഒരുങ്ങുകയാണ്. അതിൻ്റെ ഭാഗമായി നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്ക് ഇന്ന് തങ്ങളുടെ അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഷാൽകെയാണ് ബയേണിൻ്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 11 മണിക്ക് ആരംഭിക്കുന്ന മത്സരം ഷാൽക്കെയുടെ തട്ടകമായ വെൽറ്റിൻസ് അരീനയിൽ വെച്ചാണ് നടക്കുക. 14 മത്സരങ്ങളിൽ നിന്നും 31 പോയിൻ്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബയേൺ. നിലവിൽ ഈയൊരു സ്ഥാനത്തിന് അവർക്ക് മുന്നിൽ വെല്ലുവിളികൾ ഒന്നുംതന്നെയില്ല. 14 മത്സരങ്ങളിൽ നിന്നും 9 പോയിൻ്റ് മാത്രം കൈവശമുള്ള ഷാൽക്കെ ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ്. തരംതാഴ്ത്തൽ അതിജീവിക്കാൻ അവർക്ക് വിജയങ്ങൾ അനിവാര്യമാണ്.
എന്നിരുന്നാലും ബയേണിനെ തോൽപ്പിക്കാൻ ഉള്ള കരുത്ത് അവർക്ക് ഉണ്ടോയെന്ന് കണ്ടുതന്നെ അറിയണം. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ സാദിയോ മാനെ ഇന്ന് കളിക്കില്ല. എന്തായാലും ഈയൊരു മത്സരത്തിനായി നമുക്ക് കാത്തിരിക്കാം.