സീരി എയിൽ ഒന്നാംസ്ഥാനക്കാരായ നപോളി ഇന്ന് ഉഡിനീസിനെതിരെ.!
ഖത്തർ ലോകകപ്പ് ഇങ്ങ് പടിവാതിലിൽ എത്തിനിൽക്കെ ലീഗുകൾ എല്ലാംതന്നെ ഇടവേളയ്ക്ക് പിരിയാൻ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായുള്ള അവസാന മത്സരങ്ങളാണ് പ്രീമിയർ ലീഗിലും സീരി എയിലുമൊക്കെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീരി എയിൽ ഇന്ന് ടേബിൾ ടോപ്പേഴ്സ് ആയ നപോളി അവസാന മത്സരത്തിന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് നടക്കുന്ന മത്സരത്തിൽ ഉഡിനീസ് ആണ് നപോളിയുടെ എതിരാളികൾ. സ്റ്റേഡിയോ ഡിയേഗോ അർമാണ്ടോ മറഡോണ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ നപോളിക്ക് തന്നെയാണ് വിജയസാധ്യത. നിലവിൽ മിന്നുന്ന ഫോമിലാണ് അവർ കളിച്ചുകൊണ്ടിരിക്കുന്നത്. 14 മത്സരങ്ങളിൽ നിന്നും 38 പോയിൻ്റ് നേടിയ അവർ സീരി എയിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ തോൽവി അറിയാതെ മുന്നേറുന്ന 3 ടീമുകളിൽ ഒന്നാണ് അവർ. മറ്റ് 2 ടീമുകൾ പി.എസ്.ജിയും, ബെനഫിക്കയുമാണ്. എന്തായാലും ഇന്ന് അവർ താരതമ്യേന ദുർബലരായ ഉഡിനീസിനെ നേരിടാൻ ഒരുങ്ങുമ്പോൾ പരാജയപ്പെടില്ല എന്നുതന്നെ വിശ്വസിക്കാം.
14 മത്സരങ്ങളിൽ നിന്നും 24 പോയിൻ്റ് നേടിയ ഉഡിനീസ് ടേബിളിൽ 8ആം സ്ഥാനത്താണ്. നപോളിക്ക് വെല്ലുവിളി ഉയർത്തുവാൻ അവർക്ക് സാധിക്കുമോയെന്ന് നമുക്ക് കാത്തിരുന്നുകാണാം.