പ്രീമിയർ ലീഗിൽ ഇന്ന് തീപാറും; ന്യൂകാസിലിനെ നേരിടാൻ ചെൽസി.!
ഇംഗ്ലീഷ് പ്രീമിയർലീഗിൽ ഇന്ന് നടക്കാനിരിക്കുന്നത് ഒരു അതിവാശിയേറിയ പോരാട്ടമായിരിക്കും. മുൻ ചാമ്പ്യന്മാരായ ചെൽസി നേരിടാൻ പോകുന്നത് നിലവിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ന്യൂകാസിൽ യുണൈറ്റഡിനെയാണ്. കഴിഞ്ഞ മാസത്തിലെ വ്യക്തിഗത അവാർഡുകൾ പ്രീമിയർ ലീഗ് പ്രഖ്യാപിച്ചപ്പോൾ മികച്ച താരത്തിനുള്ള അവാർഡും, മികച്ച കോച്ചിനുള്ള അവാർഡും, മികച്ച ഗോളിനുള്ള അവാർഡും എല്ലാം സ്വന്തമാക്കിയത് ന്യൂകാസിൽ തന്നെയായിരുന്നു. പുതിയ മാനേജ്മെൻ്റ് വന്നതിന് ശേഷം തകർപ്പൻ പ്രകടനമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. മിന്നുന്ന ഫോമിൽ കളിക്കുന്ന പറാഗ്വേയൻ സ്ട്രൈക്കർ ആൽമിറോൺ ആണ് ടീമിലെ ഏറ്റവും അപകടകാരി. കൂടാതെ ബ്രൂണോ, വിൽസൺ, ട്രിപ്പിയർ തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ അവർക്കുണ്ട്. മറുവശത്ത് കരബാവോ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയോടേറ്റ തോൽവിയുടെ ക്ഷീണത്തിലാണ് ചെൽസിയുള്ളത്.
എങ്കിലും മൗണ്ട്, സ്റ്റെർലിങ്, ഹാവർട്സ്, ഒബാമയാങ്, ജോർജീഞ്ഞോ, തിയാഗോ സിൽവ തുടങ്ങി വമ്പൻ താരനിരയുമായി എത്തുന്ന ചെൽസിക്ക് ഏതു കൊലകൊമ്പനെയും വീഴ്ത്താൻ ഉള്ള കരുത്തുണ്ട്. അത് അവർ മുതലെടുത്താൽ ന്യൂകാസിൽ ഇന്ന് അല്പം വിയർക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് ഈയൊരു മത്സരം ആരംഭിക്കുക. ന്യൂകാസിലിൻ്റെ തട്ടകമായ സെൻ്റ് ജെയിംസ് പാർക്കിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. നിലവിൽ 14 മത്സരങ്ങളിൽ നിന്നും 27 പോയിൻ്റുമായി സിറ്റിക്ക് പിന്നിൽ 3ആം സ്ഥാനത്തുണ്ട് ന്യൂകാസിൽ. 13 മത്സരങ്ങൾ കളിച്ച ചെൽസി 21 പോയിൻ്റുമായി 7ആം സ്ഥാനത്താണ്. എന്തായാലും ഇന്നത്തെ മത്സരത്തിൽ എന്താവും സംഭവിക്കുക എന്നറിയാൻ നമുക്ക് കാത്തിരിക്കാം.