ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിനൊരുങ്ങി സിറ്റി; എതിരാളികൾ ബ്രെൻ്റ്ഫോർഡ്.!
ഇംഗ്ലീഷ് പ്രീമിയർലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബ്രെൻ്റ് ഫോർഡിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ലോകകപ്പിന് മുമ്പുള്ള അവസാന മത്സരം ആയിരിക്കും ഇത്. ഈയൊരു മത്സരത്തിന് ശേഷം താരങ്ങൾ അവരവരുടെ ദേശീയ ടീം ക്യാമ്പിലേക്ക് തിരിക്കും. എന്തായാലും ലോകകപ്പിന് മുമ്പ് വിജയത്തോടെ മടങ്ങാൻ ആകും ഇരുകൂട്ടരും ആഗ്രഹിക്കുക. സൂപ്പർ താരങ്ങളായ എർലിങ് ഹാലണ്ട്, കെവിൻ ഡിബ്രുയ്ൻ തുടങ്ങിയവരാണ് സിറ്റിയുടെ കരുത്ത്. കളിക്കുന്ന 11 പേരും ഒരേ മനോഭാവത്തോടെ ആക്രമിച്ചു കളിക്കുന്ന ടീമായി സിറ്റിയെ വളർത്തിയെടുക്കാൻ പരിശീലകനായ പെപ് ഗാർഡിയോളയ്ക്ക് സാധിച്ചിട്ടുണ്ട്. മറുവശത്ത് ബ്രെൻ്റ്ഫോർഡ് അത്ര ചെറിയ ടീമല്ല. മുന്നേറ്റനിര താരം ഇവാൻ ടോണി അടങ്ങുന്ന ആക്രമണ നിര സിറ്റിയെ വിറപ്പിക്കാൻ പോന്നതാണ്.
എന്തായാലും കരബാവോ കപ്പിൽ ചെൽസിയെ തല്ലിപ്പുറത്താക്കിയതിൻ്റെ ആത്മവിശ്വാസത്തിലാണ് സിറ്റി. കൂടാതെ മത്സരം ഇത്തിഹാദിൽ കൂടിയാകുമ്പോൾ എത്ര ഗോളുകൾ പിറക്കും എന്നുമാത്രം നോക്കിയാൽ മതിയാകും. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 32 പോയിൻ്റുമായി ആഴ്സനലിന് പിന്നിൽ 2ആം സ്ഥാനത്താണ് സിറ്റിയുള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ വീണ്ടും ഒന്നാംസ്ഥാനത്തേക്ക് കയറുവാൻ അവർക്ക് സാധിക്കും. അതേസമയം 14 മത്സരങ്ങളിൽ നിന്നുതന്നെ 16 പോയിൻ്റ് മാത്രം നേടാനായ ബ്രെൻ്റ്ഫോർഡ് ടേബിളിൽ 11ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ഇന്ന് വിജയിച്ചുകൊണ്ട് ടേബിളിൽ ഒരു മുന്നേറ്റം നടത്തുവാൻ ആകും അവർ ശ്രമിക്കുക. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.