സീരി എയിൽ ഇന്ന് യുവൻ്റസിന് എതിരാളികൾ വെറോണ.!
സീരി എയിൽ യുവൻ്റസ് തങ്ങളുടെ പഴയ ഫോമിലേക്ക് തിരികെയെത്തുന്നതിൻ്റെ സൂചനകൾ കഴിഞ്ഞ മത്സരങ്ങളിൽ കണ്ടിരുന്നു. കരുത്തരായ ഇൻ്റർ മിലാനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടക്കാൻ അലെഗ്രിയുടെ ശിഷ്യന്മാർക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ലീഗിലെ തങ്ങളുടെ 14ആം അങ്കത്തിനായി യുവെ ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 11 മണിക്ക് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ഹെല്ലാസ് വെറോണയാണ് യുവൻ്റസിൻ്റെ എതിരാളികൾ. വെറോണയുടെ തട്ടകമായ മർക്കൻ്റോണിയോ ബെൻ്റെഗോഡി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഒരു എവേ മത്സരം ആണെങ്കിൽ പോലും ഇൻ്റെറിനെ പരാജയപ്പെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാകും ടീം ഇന്ന് ഇറങ്ങുക. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 25 പോയിൻ്റാണ് യുവെയുടെ സമ്പാദ്യം. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ 7ആം സ്ഥാനത്ത് നിന്നും 3ആം സ്ഥാനത്തേക്ക് കുതിച്ചെത്തുവാൻ അവർക്ക് സാധിക്കും. അതേസമയം വെറോണ 13 മത്സരങ്ങളിൽ നിന്നും 5 പോയിൻ്റുമായി അവസാന സ്ഥാനത്താണുള്ളത്. എങ്ങനെയെങ്കിലും തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും രക്ഷപ്പെടുവാൻ ആകും അവർ ശ്രമിക്കുക. അതുകൊണ്ടുതന്നെ ഒരു മികച്ച മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.






































