ബൊളോഗ്നയെ ഗോൾമഴയിൽ ആറാടിച്ച് ഇൻ്റർ.!
സീരി എ യിൽ ബൊളോഗ്നയുമായി നടന്ന മത്സരത്തിൽ ഇൻ്റർ മിലാന് തകർപ്പൻ വിജയം. ഒന്നിനെതിരെ 6 ഗോളുകൾക്ക് ആണ് ഇൻ്റർ ബൊളോഗ്നയെ തകർത്തുവിട്ടത്. ഇൻ്റെറിൻ്റെ തട്ടകമായ സാൻസിറോയിൽ നടന്ന മത്സരത്തിൽ ഇറ്റാലിയൻ വിങ്ങർ ഫെഡെറിക്കോ ഡിമാർക്കോ ഇരട്ടഗോളുകൾ നേടിയപ്പോൾ എഡിൻ സെക്കോ, ലൗത്താരോ മാർട്ടിനെസ്, ഹകാൻ കാലനോലു, റോബിൻ ഗോസൻസ് എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. ചരലാംപോസ് ലൈകോഗിയാന്നിസ് ആണ് സന്ദർശകർക്കായി ആശ്വാസഗോൾ നേടിയത്. ആദ്യപകുതിയുടെ 22ആം മിനിറ്റിൽ ബൊളോഗ്നയാണ് മത്സരത്തിന് ആദ്യ ഗോൾ നേടിയത്. എന്നാൽ പിന്നീട് അവരെ ഇൻ്റർ നിലത്ത് നിർത്തിയിട്ടില്ല. 26ആം മിനിറ്റിൽ സെക്കോയിലൂടെ ഇൻ്റർ ഒപ്പമെത്തി. 10 മിനിട്ടിൻ്റെ വ്യത്യാസത്തിൽ ഡിമാർക്കൊയും ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് ലൗത്താരോ മാർട്ടിനെസും കൂടി വലകുലുക്കിയതോടെ ആദ്യ പകുതി 3-1 എന്ന നിലയിൽ അവസാനിച്ചു.
തുടർന്ന് രണ്ടാം പകുതിയിൽ തുടക്കം തന്നെ ഡിമാർക്കൊ അടുത്ത വെടിപൊട്ടിച്ചു. ഇതോടെ തൻ്റെ ഇരട്ടഗോൾ നേട്ടം പൂർത്തിയാക്കാൻ താരത്തിനായി. ശേഷം 59ആം മിനിറ്റിൽ ബോക്സിന് ഉള്ളിൽ വെച്ച് ബൊളോഗ്ന താരം സോസയുടെ കൈകളിൽ പന്ത് തട്ടിയതിന് ഇൻ്റെറിന് അനുകൂലമായി പെനൽറ്റി. കിക്ക് എടുത്ത കാലനാലുവിന് പിഴച്ചില്ല. സ്കോർ 5-1. പിന്നീട് 76ആം മിനിറ്റിൽ സബ് ആയി കളത്തിലിറങ്ങിയ ഗോസെൻസ് കൂടി സ്കോർ ചെയ്തതോടെ ഇൻ്റെറിൻ്റെ ആറാട്ട് പൂർണമായി. ഈയൊരു തകർപ്പൻ വിജയത്തോടെ കഴിഞ്ഞ മത്സരത്തിൽ യുവൻ്റസിനോട് ഏറ്റ തോവിയുടെ ക്ഷീണം കഴുകി കളയുവാനും ഇൻ്റെറിന് സാധിച്ചു. കൂടാതെ 14 മത്സരങ്ങളിൽ നിന്നും 27 പോയിൻ്റുമായി ടേബിളിൽ 4ആം സ്ഥാനത്തേക്ക് കയറുവാനും ഇൻസാഗിയുടെ ശിഷ്യന്മാർക്ക് കഴിഞ്ഞു. അത്രയും മത്സരങ്ങളിൽ നിന്നും 16 പോയിൻ്റ് മാത്രം കൈവശമുള്ള ബൊളോഗ്ന 13ആം സ്ഥാനത്താണ്.






































