ക്രിസ്റ്റൽ പാലസിനെ ഷൂട്ടൗട്ടിൽ മറികടന്ന് ന്യൂകാസിൽ.!
കരബാവോ കപ്പിൽ നടന്ന അതിവാശിയേറിയ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചുകൊണ്ട് ന്യൂകാസിൽ 3ആം റൗണ്ട് കടന്നു. സ്വന്തം മൈതാനമായ സെൻ്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരമായിരുന്നിട്ടും ഗോളുകൾ ഒന്നും തന്നെ നേടുവാൻ ആതിഥേയരായ ന്യൂകാസിലിന് കഴിഞ്ഞില്ല. ഒന്നിലേറെ തവണ മികച്ച അവസരങ്ങൾ എഡ്ഡി ഹോവെയുടെ ശിഷ്യന്മാർ തുറന്നെടുത്തെങ്കിലും അതിനെല്ലാം തടയിടുവാൻ ക്രിസ്റ്റൽ പാലസിന് കഴിഞ്ഞു. അങ്ങനെ മുഴുവൻ സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോളുകൾ ഒന്നും നേടാതെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ന്യൂകാസിൽ 3 എണ്ണം ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ക്രിസ്റ്റൽ പാലസിന് 2 എണ്ണം മാത്രമേ ഗോൾ ആക്കുവാൻ കഴിഞ്ഞുള്ളൂ. ഇംഗ്ലീഷ് ഗോൾകീപ്പർ നിക്ക് പോപ് ആണ് ന്യൂകാസിലിനെ രക്ഷിച്ചത്. പാലസിൻ്റെ 3 ഷോട്ടുകളാണ് പോപ്പ് തടുത്ത് ഇട്ടത്. അതേസമയം ലോകകപ്പിലേക്ക് വിളിയെത്തിയ ബ്രസീലിയൻ താരം ബ്രൂണോ ഗുമാരസ് പെനൽറ്റി പാഴാക്കി. എന്തായാലും ഈയൊരു വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുവാൻ ന്യൂകാസിലിന് സാധിച്ചു.






































