കരബാവോ കപ്പിൽ നിന്ന് ചെൽസിയെ പുറത്താക്കി സിറ്റി.!
ഇംഗീഷ് ഫുട്ബോൾ ലീഗ് (ഇ.എഫ്.എൽ) അഥവാ കരബാവോ കപ്പിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ചെൽസിയെ പുറത്താക്കി മാഞ്ചസ്റ്റർ സിറ്റി. ടൂർണമെൻ്റിൻ്റെ 3ആം റൗണ്ട് മത്സരമായിരുന്നു നടന്നത്. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ചെൽസി പരാജയം രുചിച്ചത്. റിയാദ് മാഹ്റസും, ജൂലിയൻ അൽവാരസും ആതിഥേയർക്കായി ഗോളുകൾ നേടി. മത്സരത്തിൻ്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ആയിരുന്നു 2 ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ 53ആം മിനിറ്റിൽ ഒരു തകർപ്പൻ ഫ്രീകിക്കിലൂടെ മാഹ്റെസ് ആണ് സിറ്റിക്കായി ആദ്യം ലക്ഷ്യം കണ്ടത്. ചെൽസി ഗോൾകീപ്പർ മെൻ്റിയ്ക്ക് കാഴ്ചക്കാരൻ നൽകുവാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഇതിന് ശേഷം വെറും 5 മിനിട്ടിൻ്റെ ഇടവേളയിൽ അർജൻ്റൈൻ താരം ജൂലിയൻ അൽവാരസും സ്കോർ ചെയ്തതോടെ ചെൽസിയുടെ പതനം പൂർത്തിയായി. ഈ ഗോളിലും മാഹ്റെസിന് പങ്കുണ്ടായിരുന്നു. മാഹ്റെസ് എടുത്ത ഷോട്ട് മെൻ്റി തടുത്തിട്ടെങ്കിലും പന്ത് അൽവാരസിൻ്റെ നേർക്കാണ് വന്നത്. താരം അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു.
ഇതല്ലാതെ കൂടുതൽ ഗോളുകൾ മത്സരത്തിൽ പിറന്നില്ല. ഒരുപിടി മികച്ച അവസരങ്ങൾ സന്ദർശകരായ ചെൽസിക്കും ലഭിച്ചിരുന്നെങ്കിലും അവയൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അവർക്ക് സാധിച്ചില്ല. അതുകൊണ്ടുതന്നെ അവർ ഈയൊരു ടൂർണമെൻ്റിൽ നിന്നും പുറത്തായി. സിറ്റി ഹാലൻ്റ്, ഡിബ്രുയ്ൻ, എഡേർസൺ, ഫോടൻ തുടങ്ങിയവരെ കളത്തിലിറക്കിയില്ല. അതുപോലെ തന്നെ ചെൽസി നിരയിൽ തിയാഗോ സിൽവ, ഒബാമയങ് തുടങ്ങിയവരും ബെഞ്ചിൽ ആയിരുന്നു. എന്നിരുന്നാലും മികച്ച ടീമുകളുമായാണ് ഇരുടീമുകളും മത്സരിച്ചത്. ഈയൊരു വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് കടക്കുവാൻ പെപ്പിൻ്റെ സിറ്റിക്ക് കഴിഞ്ഞു.