സലായ്ക്ക് ഡബിൾ; ടോട്ടനാമിനെ മടയിൽ കേറിയടിച്ച് ലിവർപൂൾ.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ടോട്ടനം ഹോട്സ്പറും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ലിവർപൂളിന് വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ സ്പർസിനെ അവരുടെ മടയിൽ വെച്ച് കീഴ്പ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർതാരം മൊഹമ്മദ് സലാ ഇരട്ടഗോൾ നേടിക്കൊണ്ട് കരുത്തുകാട്ടി. സ്പർസിൻ്റെ ആശ്വാസഗോൾ നേടിയത് ഹാരി ഹെയ്ൻ ആണ്. മത്സരത്തിൻ്റെ 11ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറക്കുന്നത്. ബോക്സിൽ വെച്ച് ഡാർവിൻ ന്യൂനെസ് മറിച്ച് നൽകിയ പന്ത് ഒരു ഇടംകാലൻ ഷോട്ടിലൂടെ സലാ വലയിലാക്കുകയായിരുന്നു. സ്കോർ 1-0. തുടർന്ന് പുരോഗമിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ ടോട്ടനാമിന് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല. 40ആം മിനിറ്റിൽ പ്രതിരോധ താരം എറിക് ഡയർ വരുത്തിയ പിഴവിൽ നിന്നും സലാ അടുത്ത വെടിയും പൊട്ടിച്ചു. ലിവർപൂൾ കീപ്പർ അലിസൺ നീട്ടിയടിച്ച ബോൾ ലോറിസിലേക്ക് ഒരു മൈനസ് പാസിലൂടെ ഹെഡ് ചെയ്ത് കൊടുക്കാൻ ശ്രമിക്കവേ സലായുടെ കാലിൽ കിട്ടുകയായിരുന്നു. പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ താരം അഡ്വാൻസ് ചെയ്ത് കയറിവന്ന ലോറിസിൻ്റെ തലക്ക് മുകളിലൂടെ പന്ത് പോസ്റ്റിലേക്ക് ചിപ് ചെയ്ത് വിടുകയായിരുന്നു. അതോടെ മത്സരം 2-0 എന്ന നിലയിലായി. സ്പർസ് താരങ്ങൾ തളർന്ന മട്ടിലും. പുറകെതന്നെ ആദ്യ പകുതി അവസാനിച്ചു.
തുടർന്ന് രണ്ടാം പകുതിയിലെ നിരന്തര ശ്രമങ്ങളുടെ ഫലമായി ഒടുവിൽ 70ആം മിനിറ്റിൽ കെയ്ൻ ആതിഥേയർക്കായി ഒരു ഗോൾ മടക്കി. കുളുസെവ്സ്കിയാണ് ഈയൊരു ഗോളിന് വഴിതെളിച്ചത്. അതോടെ സ്പർസിന് മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയായി. എന്നാൽ ശേഷിച്ച സമയം അവർ ആവുന്നത്ര പൊരുതിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അതോടെ മത്സരം 2-1 എന്ന നിലയിൽ അവസാനിപ്പിച്ചുകൊണ്ട് വിലപ്പെട്ട 3 പോയിൻ്റ് സ്വന്തമാക്കാൻ സന്ദർശകരായ ലിവർപൂളിന് സാധിച്ചു. ഒരുപിടി മികച്ച അവസരങ്ങൾ മത്സരത്തിൽ സ്പർസിന് ലഭിച്ചിരുന്നു. ക്രോസ്ബാർ ശാപവും അലിസണിൻ്റെ ചെറുത്തുനിൽപ്പുമെല്ലാം അവർക്ക് വിലങ്ങുതടിയായി. 14 മത്സരങ്ങളിൽ നിന്ന് 26 പോയിൻ്റ് കൈവശമുള്ള സ്പർസ് 4ആം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചുകളിച്ച ലിവർപൂൾ 19 പോയിൻ്റുമായി 8ആം സ്ഥാനത്താണ്. ചെറിയ ടീമുകളായി വരെ പരാജയം ഏറ്റുവാങ്ങി തകർന്ന് നിന്ന ലിവർപൂളിന് ആത്മവിശ്വാസം പകരുന്നതായി ഈയൊരു വിജയം.






































