EPL 2022 European Football Foot Ball Top News

ചെൽസിയെ പൊട്ടിച്ച് ഒന്നാംസ്ഥാനം തിരികെ പിടിച്ച് ഗണ്ണേഴ്സ്.!

November 6, 2022

author:

ചെൽസിയെ പൊട്ടിച്ച് ഒന്നാംസ്ഥാനം തിരികെ പിടിച്ച് ഗണ്ണേഴ്സ്.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ചെൽസിക്കെതിരെ ആഴ്സനലിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർട്ടേറ്റയും സംഘവും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വിജയക്കൊടി പാറിച്ചത്. ഇന്നലെ ഫുൾഹാമിനോട് വിജയിച്ചതോടെ ആഴ്സനലിനെ മറികടന്നുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. എന്നാൽ ചെൽസിക്കെതിരെയുള്ള ഈ തിളക്കമാർന്ന വിജയത്തോടെ ഗണ്ണേഴ്സ് ഒന്നാം സ്ഥാനം തിരികെപിടിച്ചു. മത്സരത്തിൻ്റെ 63ആം മിനിറ്റിലാണ് മത്സരത്തിലെ ഏകഗോൾ പിറന്നത്. ഇംഗ്ലണ്ട് ഇൻ്റർനാഷണൽ താരം ബുക്കായോ സാക്ക എടുത്ത കോർണറിൽ നിന്നും ബ്രസീലിയൻ പ്രതിരോധനിര താരം ഗബ്രിയേൽ ആണ് ഗണ്ണേഴ്സിനായി വലകുലുക്കിയത്.

ചെൽസിയുടെ തട്ടകത്തിൽ ആണ് മത്സരം നടന്നതെങ്കിൽ പോലും മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് ആഴ്സനൽ തന്നെയായിരുന്നു. നിർഭാഗ്യം കൊണ്ടുമാത്രമാണ് അവർക്ക് ഒന്നിലേറെ ഗോളുകൾ നേടുവാൻ കഴിയാതെ പോയത്. ഒപ്പം ഗോൾമുഖത്തെ ചെൽസി കീപ്പർ എഡ്വേർഡ് മെൻ്റിയുടെ ചെറുത്തുനിൽപ്പും. ഈയൊരു മിന്നും വിജയത്തോടെ തങ്ങൾ ഒന്നാംസ്ഥാനം കയ്യടക്കി വെച്ചിരിക്കുന്നത് ഭാഗ്യം കൊണ്ടല്ലെന്ന് തെളിയിക്കുവാൻ ഗണ്ണേഴ്സിന് സാധിച്ചു. സിറ്റിയിൽ നിന്നും ഒന്നാം സ്ഥാനം തിരികെ പിടിച്ച മികേൽ അർട്ടേറ്റയുടെ ചുണക്കുട്ടികൾക്ക് നിലവിൽ 34 പോയിൻ്റാണ് സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാൾ 2 പോയിൻ്റ് കൂടുതൽ. പരാജയം ഏറ്റുവാങ്ങിയ ചെൽസി 13 മത്സരങ്ങളിൽ നിന്നും 21 പോയിൻ്റോടെ 7ആം സ്ഥാനത്താണ്.

Leave a comment