നെയ്മറുടെ മികവിൽ ലോറിയെൻ്റിനെ കീഴടക്കി പി.എസ്.ജി.!
ഫ്രഞ്ച് ലീഗ് 1 ൽ ലോറിയെൻ്റിനെതിരെ നടന്ന മൽസരത്തിൽ പാരീസ് സെയ്ൻ്റ് ജർമെയ്ന് വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പാരീസ് ലോറിയെൻ്റിനെ അവരുടെ മൈതാനത്ത് വെച്ച് കീഴടക്കിയത്. മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും നേടിക്കൊണ്ട് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ മിന്നി. പരിക്കിൻ്റെ പിടിയിലുള്ള മറ്റൊരു സൂപ്പർതാരം ലയണൽ മെസ്സി ഇന്നത്തെ മത്സരത്തിൽ ഉണ്ടായിരുന്നില്ല. അതിൻ്റെ കുറവ് ഇന്നത്തെ മത്സരത്തിൽ ചെറിയ തോതിൽ നിഴലിച്ചിരുന്നു. മത്സരം ആരംഭിച്ച് 9ആം മിനിറ്റിൽ തന്നെ നെയ്മറിലൂടെ പി.എസ്.ജി മുന്നിലെത്തി. ഫ്രഞ്ച് യുവതാരം ഹ്യൂഗോ എക്കിറ്റിക്കെയാണ് ഈയൊരു ഗോളിന് പങ്കാളിയായത്. അതോടെ മത്സരം 1-0 എന്ന നിലയിലായി. പിന്നീട് ആദ്യ പകുതിയിൽ ഗോൾ നേടുവാൻ പോന്ന അവസരങ്ങൾ ഒക്കെ ലഭിച്ചെങ്കിലും അവയൊന്നും മുതലെടുക്കാൻ പാരീസിന് കഴിഞ്ഞില്ല. അതോടെ ആദ്യ പകുതി 1-0 എന്ന നിലയിൽ തന്നെ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ തന്നെ 53ആം മിനിറ്റിൽ ആതിഥേയർ ഒപ്പമെത്തി. ലെ ഫീയുടെ പാസിൽ നിന്നും നൈജീരിയൻ താരം ടെറിം മോഫിയാണ് ലോറിയെൻ്റിനായി വലകുലുക്കിയത്. അങ്ങനെ മത്സരം 1-1 എന്ന നിലയിലായി. അതോടെ ഒരല്പം വാശിയും കൂടി. ലീഡ് നേടുവാനായി 2 ടീമുകളും ശ്രമങ്ങൾ തുടർന്നു.
ഒടുവിൽ 81ആം മിനിറ്റിൽ ഡാനിലോ പെരേരയിലൂടെ പി.എസ്.ജി തങ്ങളുടെ വിജയഗോൾ സ്വന്തമാക്കി. നെയ്മറുടെ കോർണറിൽ നിന്നുമാണ് ഡാനിലോ പാരീസിനായി സ്കോർ ചെയ്തത്. അതോടെ മത്സരം പൂർണമായും സന്ദർശകരുടെ കയ്യിലായി. ഒടുവിൽ 2-1 എന്ന സ്കോറിന് പി.എസ്.ജി വിജയിക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 14 മത്സരങ്ങളിൽ നിന്നും 38 പോയിൻ്റോടെ ടേബിളിൽ വ്യക്തമായ ലീഡ് നേടുവാൻ നിലവിലെ ചാമ്പ്യന്മാർക്ക് സാധിച്ചു. അത്രയും മത്സരങ്ങളിൽ നിന്നും 27 പോയിൻ്റ് കൈവശമുള്ള ലോറിയെൻ്റ് ടേബിളിൽ 4ആം സ്ഥാനത്ത് തന്നെ തുടരുന്നു. സൂപ്പർതാരം കിലിയാൻ എമ്പപ്പെയ്ക്ക് മത്സരത്തിൽ പാരീസിനായി കാര്യമായ സംഭാവനകൾ നൽകുവാൻ കഴിഞ്ഞില്ല. ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയ നെയ്മർ തന്നെയാണ് മത്സരത്തിലെ താരം.