ഐ.എസ്.എല്ലിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം; മുബൈ സിറ്റി എ.ടി.കെയെ നേരിടും.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് 2 കരുത്തുറ്റ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കും. വൈകിട്ട് 7.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ മുബൈ സിറ്റി എഫ്സി എ.ടി.കെ മോഹൻ ബഗാനെ നേരിടും. മുബൈയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. മുൻ ചാമ്പ്യന്മാരാണ് ഇരുടീമുകളും. ഇത്തവണയും കരുത്തുറ്റ സ്ക്വാഡുമായാണ് ഇരുടീമുകളുടെയും വരവ്. നിലവിൽ 4 മത്സരങ്ങളിൽ നിന്നും 8 പോയിൻ്റ് നേടിയ മുബൈ ടേബിളിൽ 4ആം സ്ഥാനത്താണ്. 3 മത്സരങ്ങൾ മാത്രം കളിച്ച എ.ടി.കെ 6 പോയിൻ്റുമായി 6ആം സ്ഥാനത്താണ് ഉള്ളത്. ഇന്ന് മുംബൈ ആണ് വിജയിക്കുന്നതെങ്കിൽ ഗോവയെ പിന്തള്ളിക്കൊണ്ട് അവർക്ക് 2ആം സ്ഥാനത്തേക്ക് പ്രവേശിക്കുവാൻ സാധിക്കും. അതേസമയം എ.ടി.കെയാണ് വിജയിക്കുന്നതെങ്കിൽ ഒഡീഷയെ മറികടന്നുകൊണ്ട് അവർ 3ആം സ്ഥാനത്തേക്ക് കയറും. അതുകൊണ്ടുതന്നെ ഇരുടീമുകളും 3 പോയിൻ്റിന് തന്നെയാകും ലക്ഷ്യം വെക്കുക. ഏറ്റവുമൊടുവിൽ നടന്ന മത്സരത്തിൽ വിജയം നേടുവാൻ 2 ടീമുകൾക്കും സാധിച്ചിരുന്നു. എന്തായാലും വമ്പന്മാർ തമ്മിൽ പോരടിക്കുമ്പോൾ ആർക്കാകും വമ്പത്വം കൂടുതൽ എന്നറിയാൻ നമുക്ക് കാത്തിരിക്കാം.