ഇറ്റലിയിൽ ഇന്ന് തീപാറും; ഇൻ്റർമിലാൻ യുവൻ്റസുമായി കൊമ്പുകോർക്കും.!
സീരി എയിൽ ഇന്ന് തീപാറുന്നൊരു പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. ഇറ്റലിയിലെ വമ്പന്മാരായ ഇൻ്റർമിലാനും യുവൻ്റസും തമ്മിൽ യുവൻ്റസിൻ്റെ തട്ടകമായ അലിയൻസ് സ്റ്റേഡിയത്തിൽ വെച്ച് കൊമ്പുകോർക്കും. ഇന്ത്യൻ സമയം പുലർച്ചെ 1.15 നാണ് ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ ഇരുടീമുകളും ടേബിളിൽ ആദ്യ നാലിന് പുറത്താണ്. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുവരും ആഗ്രഹിക്കില്ല. കാരണം മറ്റൊന്നുമല്ല അടുത്ത സീസണിലെ യു.സി.എൽ യോഗ്യത നേടണമെങ്കിൽ ടോപ് 4ൽ ഇടംനേടിയേ മതിയാകൂ. നിലവിൽ 12 കളികളിൽ നിന്നും 24 പോയിൻ്റ് നേടിയ ഇൻ്റർമിലാൻ ആണ് തമ്മിൽ ഭേദം. അവർ 6ആം സ്ഥാനത്താണ് ഉള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ അവർക്ക് ആദ്യ നാലിലേക്ക് പ്രവേശിക്കുവാൻ സാധിക്കും. അതേസമയം യുവൻ്റസിന് 12 മത്സരങ്ങളിൽ നിന്നും 22 പോയിൻ്റാണ് ഉള്ളത്. അവർ നിലവിൽ 8ആം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ അവർക്കും 4ആം സ്ഥാനം സ്വപ്നം കാണുവാൻ കഴിയും. ഈയൊരു കാരണം കൊണ്ടുതന്നെ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.
എന്നാൽ ലാസിയോയുമായുള്ള മത്സരത്തിൽ റോമ വിജയിച്ചാൽ അവർക്ക് പിന്നിൽ മാത്രമായിരിക്കും ഇരുടീമുകളുടെയും സ്ഥാനം. ബാഴ്സയെ മറികടന്നുകൊണ്ട് യു.സി.എൽ നോക്കൗട്ട് സ്റ്റേജിലേക്ക് കടന്നതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇൻ്റർ വരുന്നത്. അതേസമയം യുവൻ്റസ് പി.എസ്.ജി അടങ്ങുന്ന ഗ്രൂപ്പ് എച്ചിൽ നിന്നും നോക്കൗട്ട് കാണാതെ പുറത്തുപോയിരുന്നു. ഈയൊരു ക്ഷീണം തീർക്കുവാനാകും അവർ ശ്രമിക്കുക. എന്തായാലും എന്തു സംഭവിക്കുമെന്ന് അറിയാൻ നമുക്ക് കാത്തിരിക്കാം.






































