10 പേരുമായി ഫുൾഹാമിനോട് പൊരുതിജയിച്ച് സിറ്റി.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നും വിജയം. ആദ്യ പകുതിയിൽ പോർച്ചുഗീസ് താരം ജൊവാവോ കാൻസലോയ്ക്ക് റെഡ് കാർഡ് കിട്ടി 10 പേരായി ചുരുങ്ങിയിട്ടും പെപ്പിൻ്റെ ചുണക്കുട്ടികളെ വീഴ്ത്താൻ ഫുൾഹാമിന് സാധിച്ചില്ല. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ 17ആം മിനിറ്റിൽ തന്നെ അർജൻ്റൈൻ താരം ജൂലിയൻ അൽവാരസിൻ്റെ തകർപ്പൻ ഗോളിലൂടെ സിറ്റി മുന്നിലെത്തി. ഗുണ്ടോഗൻ്റെ ത്രൂബോൾ പാസിൽ നിന്നും ഒരു കിടിലൻ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കുകയായിരുന്നു. തുടർന്നാണ് കാൻസലോയ്ക്ക് റെഡ് കാർഡ് ലഭിക്കുന്നത്. ഫുൾഹാം താരം വിൽസണെ ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി കാൻസലോയ്ക്ക് നേരെ റെഡ് കാർഡ് നീട്ടിയത്. ഒപ്പം ഫുൾഹാമിന് അനുകൂലമായി പെനൽറ്റിയും വിധിച്ചു. എന്നാലത് ഒരു റെഡ് കാർഡ് ലഭിക്കാൻ തക്കവണ്ണമുള്ളൊരു ഫൗൾ ആയിരുന്നില്ലെന്ന് മത്സരം വീക്ഷിച്ചവർക്ക് തോന്നിയിട്ടുണ്ടാകാം. പെനൽറ്റിയെടുത്ത ആന്ദ്രെയാസ് പെരേരയ്ക്ക് പിഴച്ചില്ല. സ്കോർ 1-1. എന്നാൽ 10 പേരായി ചുരുങ്ങിയതിൻ്റെ ഒരു കുറവും സിറ്റിയുടെ കളിയിൽ പ്രതിഫലിച്ചിരുന്നില്ല. കളിയിൽ അത്രക്ക് മേധാവിത്വം പുലർത്താൻ പെപ്പിൻ്റെ ചുണക്കുട്ടികൾക്ക് കഴിഞ്ഞു. എന്നാൽ ഗോൾ മാത്രം അകന്നുനിന്നു.
ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം ലഭിച്ച പെനൽറ്റി ഗോൾ ആക്കിക്കൊണ്ട് സൂപ്പർതാരം എർലിംഗ് ഹാലണ്ട് സിറ്റിക്ക് വിലപ്പെട്ട 3 പോയിൻ്റ് നേടിക്കൊടുത്തു. ഡിബ്രുയിനെ ബോക്സിൽ വീഴ്ത്തിയതിനാണ് സിറ്റിക്ക് അനുകൂലമായി റഫറി പെനൽറ്റി വിളിച്ചത്. എന്തായാലും സാഹചര്യങ്ങൾ എല്ലാം എതിരായി നിന്നിട്ടും ഫുൾഹാമിനോട് പൊരുതിജയിക്കാൻ സിറ്റിക്ക് സാധിച്ചു. 10 പേരായി ചുരുങ്ങിയിട്ടും മത്സരത്തിൽ 71% ബോൾ പൊസിഷൻ ആണ് സിറ്റിക്ക് ഉണ്ടായിരുന്നത്. കൂടാതെ 16 ഷോട്ടുകൾ പായിക്കാനും അവർക്ക് സാധിച്ചു. ഫുൾഹാം ആവട്ടെ കേവലം 4 ഷോട്ട് ആണ് മത്സരത്തിലാകെ എടുത്തത്. ഈയൊരു തകർപ്പൻ വിജയത്തോടെ 13 കളികളിൽ നിന്നും 32 പോയിൻ്റോടെ ആഴ്സനലിനെ മറികടന്ന് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറുവാൻ പെപ്പിനും സംഘത്തിനും കഴിഞ്ഞു. 14 കളികളിൽ നിന്നും 19 പോയിൻ്റ് നേടിയ ഫുൾഹാം ടേബിളിൽ 8ആം സ്ഥാനത്താണ്.