പ്രീമിയർ ലീഗിൽ സിറ്റി ഇന്നിറങ്ങും; എതിരാളികൾ ഫുൾഹാം.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് തങ്ങളുടെ 13ആം മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30 ന് നടക്കുന്ന മത്സരത്തിൽ ഫുൾഹാമാണ് സിറ്റിയുടെ എതിരാളികൾ. എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ 12 മത്സരങ്ങളിൽ നിന്നും 29 പോയിൻ്റ് നേടിയ സിറ്റി ടേബിളിൽ ആഴ്സനലിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഇന്ന് 3 പോയിൻ്റ് നേടിക്കൊണ്ട് ആഴ്സനലിനെ മറികടക്കുക എന്നതാകും പെപ്പിൻ്റെയും കൂട്ടരുടെയും ലക്ഷ്യം. 13 മത്സരങ്ങൾ പൂർത്തിയാക്കിയ ഫുൾഹാം 19 പോയിൻ്റുമായി 7ആം സ്ഥാനത്താണ്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ചെൽസിയെ മറികടക്കാൻ അവർക്ക് സാധിക്കും. പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ ടീമിനൊപ്പം ഇല്ലാതിരുന്ന സൂപ്പർതാരം എർലിങ് ഹാലണ്ട് ഇന്നത്തെ മത്സരത്തിൽ ഓപ്പൺ ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അല്ലാത്തപക്ഷം അൽവാരസ് തന്നെയാകും മുന്നേറ്റനിരയിൽ ഇറങ്ങുക. എന്തായാലും മികച്ച ഫോമിൽ തന്നെയാണ് സിറ്റിയുള്ളത്.
ഏറ്റവുമൊടുവിൽ നടന്ന ചാമ്പ്യൻസ് ലീഗിലെ മത്സരത്തിൽ സെവിയ്യയെ കീഴടക്കിക്കൊണ്ടാണ് സിറ്റിയുടെ വരവ്. അതോടൊപ്പം ഗ്രൂപ്പ് ചാമ്പ്യന്മാരായിക്കൊണ്ട് യു.സി.എല്ലിൻ്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുവാനും പെപ്പിനും കൂട്ടർക്കും സാധിച്ചിരുന്നു. അതേസമയം അവസാനം നടന്ന മത്സരത്തിൽ എവർട്ടണിനോട് ഗോൾരഹിത സമനില വഴങ്ങിക്കൊണ്ടാണ് ഫുൾഹാമിൻ്റെ വരവ്. എന്തായാലും ഇന്ന് മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.