യുണൈറ്റഡിന് ജയം; ജയിച്ചിട്ടും ടേബിളിൽ ഒന്നാംസ്ഥാനം നേടാൻ കഴിഞ്ഞില്ല.!
യുവേഫ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന അവസാന മത്സരത്തിൽ റയൽ സോസീഡാഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏകപക്ഷീയമായ ഒരു ഗോൾ വിജയം. സോസീഡാഡിൻ്റെ തട്ടകമായ എസ്റ്റാഡിയോ അനോയേറ്റയിൽ നടന്ന മത്സരത്തിൽ യുവതാരം ഗർനാച്ചോയാണ് സന്ദർശകർക്കായി വിജയഗോൾ നേടിയത്. മത്സരത്തിൻ്റെ 17ആം മിനിറ്റിൽ ആയിരുന്നു താരത്തിൻ്റെ ഗോൾ പിറന്നത്. സൂപ്പർ താരം റൊണാൾഡോ ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്. ഇതിന് മുമ്പും ശേഷവും എടുത്തുപറയാൻ ഉള്ളൊരു അവസരങ്ങൾ ഒന്നും യുണൈറ്റഡിന് ലഭിച്ചില്ല. ഒരേയൊരു ഷോട്ട് ആണ് ടെൻ ഹാഗിനും സംഘത്തിനും ഓൺ ടാർഗറ്റിലേക്ക് അടിക്കാൻ ആയത്. അതേസമയം ഒന്നിലേറെ അവസരങ്ങൾ സോസീഡാഡ് തുറന്നെടുത്തതാണ്. പക്ഷേ അവയൊന്നും ഫലവത്തായില്ല. ഒടുവിൽ മത്സരം 1-0 എന്ന നിലയിൽ അവസാനിച്ചു. ഈയൊരു വിജയത്തോടെ ഓൾഡ് ട്രാഫോർഡിലെ തോൽവിക്ക് പകരംവീട്ടുവാൻ യുണൈറ്റഡിന് കഴിഞ്ഞു. എന്നാൽ ടേബിളിൽ ഒന്നാംസ്ഥാനം സ്വന്തമാക്കാൻ അവർക്ക് സാധിച്ചില്ല. 2 ഗോളിൻ്റെ മാർജിനിൽ എങ്കിലും ജയിച്ചാൽ മാത്രമേ സോസീഡാഡിനെ മറികടക്കാൻ യുണൈറ്റഡിന് കഴിയുമായിരുന്നുള്ളു. എന്നാൽ അത് കഴിയാതെ വന്നതോടെ സോസീഡാഡ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇതോടെ റൗണ്ട് ഓഫ് 16 ലേക്ക് പ്രവേശിക്കാൻ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി വരുന്ന ടീമുമായി പ്ലേഓഫ് റൗണ്ട് കളിക്കേണ്ട അവസ്ഥയായി. ഒന്നാംസ്ഥാനം സ്വന്തമാക്കിയ സോസീഡാഡ് നോക്കൗട്ടിലേക്ക് യോഗ്യത നേടി.






































