ഗ്രൂപ്പ് സ്റ്റേജിലെ അവസാന പോരാട്ടത്തിനൊരുങ്ങി ഗണ്ണേഴ്സ്.!
യൂറോപ്പ ലീഗിൽ ഗ്രൂപ്പ് സ്റ്റേജിലെ തങ്ങളുടെ അവസാന മത്സരത്തിനായി ആഴ്സനൽ ഇന്ന് സ്വന്തം ഹോംഗ്രൗണ്ട് ആയ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് നടക്കുന്ന മത്സരത്തിൽ സ്വിസ് ക്ലബ് ആയ എഫ്.സി സൂറിക് ആണ് ഗണ്ണേഴ്സിൻ്റെ എതിരാളികൾ. നിലവിൽ 5 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുമായി ആഴ്സനൽ തന്നെയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. അത്രയും കളികളിൽ നിന്നും 10 പോയിൻ്റോടെ പി.എസ്.വി തൊട്ടുപിന്നിൽ തന്നെയുണ്ട്. അതിനാൽ തോൽവിയെ പറ്റി ചിന്തിക്കാൻ പോലും അർട്ടേറ്റയ്ക്കും സംഘത്തിനും കഴിയില്ല. ഇന്നത്തെ മത്സരം വിജയകരമായി പൂർത്തീകരിച്ചുകൊണ്ട് റൗണ്ട് ഓഫ് 16 ലേക്ക് ഡയറക്ട് ആയി യോഗ്യത നേടുവാൻ ആകും അവർ ശ്രമിക്കുക.
ഇരുടീമുകളും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ 2 ഗോളുകൾക്ക് ആഴ്സനൽ ആണ് വിജയിച്ചത്. ഇന്ന് മത്സരം സ്വന്തം മൈതാനത്ത് കൂടിയാകുമ്പോൾ അനായാസം വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് ഗണ്ണേഴ്സിൻ്റെ വിശ്വാസം. കൂടാതെ അവരുടെ നിലവിലെ ഫോം കൂടി പരിഗണിച്ചാൽ സൂറിക്ക് ഇന്ന് വല നിറയെ ഗോൾ വാങ്ങുവാൻ ആണ് സാധ്യത. ഏറെക്കുറെ സെയ്ഫ് സോണിൽ ആയതിനാൽ അർട്ടേറ്റ ഇന്ന് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയേക്കും. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.






































