സാഗ്രെബിനോട് കണക്ക് തീർത്തു; ചെൽസി ഗ്രൂപ്പ് ചാമ്പ്യന്മാർ.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഇയിൽ നടന്ന അവസാന മത്സരത്തിൽ ഡൈനാമോ സാഗ്രെബിനെതിരെ ചെൽസിക്ക് വിജയം. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ചെൽസി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയിച്ചുകയറിയത്. ഇതോടെ ആദ്യ മത്സരത്തിൽ സാഗ്രെബിനോടേറ്റ തോൽവിയ്ക്ക് കണക്ക് തീർക്കുവാനും ചെൽസിക്ക് കഴിഞ്ഞു. മത്സരത്തിൻ്റെ 7ആം മിനിറ്റിൽ തന്നെ ചെൽസിയെ ഞെട്ടിച്ചുകൊണ്ട് സാഗ്രെബ് ആണ് ആദ്യം ഗോൾ നേടിയത്. ക്രൊയേഷ്യൻ താരം ബ്രൂണോ പെറ്റ്കോവിച്ച് ആണ് ഒരു ഹെഡ്ഡറിലൂടെ സന്ദർശകരെ മുന്നിലെത്തിച്ചത്. എന്നാൽ ഈയൊരു ലീഡിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 18 ആം മിനിറ്റിൽ തന്നെ ഒബാമയാങ്ങിൻ്റെ പാസ് സ്വീകരിച്ച് സ്റ്റെർലിങ് ചെൽസിയെ ഒപ്പമെത്തിച്ചു. അതുകൊണ്ടും അവസാനിപ്പിക്കാൻ ആതിഥേയർ തയ്യാറായിരുന്നില്ല. അതിവേഗം അവർ വിജയഗോളും കണ്ടെത്തി. 30 മിനിറ്റിൽ സ്വിറ്റ്സർലൻഡ് താരം ഡെനിസ് സക്കറിയയാണ് ചെൽസിയുടെ വിജയഗോൾ നേടിയത്. അതോടെ മത്സരം 2-1 എന്ന നിലയിലായി. ആദ്യ പകുതിയിലെ ശേഷിച്ച സമയവും രണ്ടാം പകുതിയിലും ഒട്ടേറെ അവസരങ്ങൾ ചെൽസി തുറന്നെടുത്തെങ്കിലും അവയൊന്നും ഗോൾ ആക്കി മാറ്റുവാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ 2-1 നിലയിൽ മത്സരം പര്യവസാനിച്ചു. സാഗ്രെബ്ബിനോട് കണക്ക് തീർത്തെങ്കിൽ പോലും കൂടുതൽ ഗോളുകൾ നേടുവാൻ കഴിയാതിരുന്നത് ആരാധകരിൽ നിരാശ പടർത്തി.
എന്തായാലും 6 മത്സരങ്ങളിൽ നിന്നും 13 പോയിൻ്റ് സ്വന്തമാക്കിയ ചെൽസി ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് പ്രവേശിച്ചു. സാഗ്രെബ് നേരത്തെതന്നെ പുറത്തായിരുന്നു.