ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് കണക്ക് തീർക്കാൻ ചെൽസി; എതിരാളികൾ ഡൈനാമോ സാഗ്രെബ്.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യന്മാരായ ചെൽസി ഇന്ന് തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് നടക്കുന്ന മത്സരത്തിൽ ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സാഗ്രെബ് ആണ് ഗ്രഹാം പോട്ടറുടെയും സംഘത്തിൻ്റെയും എതിരാളികൾ. ചെൽസിയുടെ സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഇരുവരും തമ്മിൽ ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസി സാഗ്രെബിന് മുന്നിൽ മുട്ടുമടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അവർ തോമസ് തുഷേലിനെ മാനേജർ സ്ഥാനത്തുനിന്നും പുറത്താക്കിയത്. ഇതിനൊരു മധുരപ്രതികാരം വീട്ടാൻ ഉറച്ചാവും ഇന്ന് ആതിഥേയർ കളത്തിലിറങ്ങുക. നിലവിൽ 5 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി ടേബിളിൽ ചെൽസി ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്. അത്രയും കളികളിൽ നിന്നും 4 പോയിൻ്റ് മാത്രം കൈവശമുള്ള സാഗ്രെബ് ടേബിളിൽ അവസാന സ്ഥാനത്താണ്. നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചതിനാൽ ഇന്ന് പ്രധാന താരങ്ങൾക്ക് പോട്ടർ വിശ്രമം നൽകിയേക്കും. എന്തായാലും വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.