ഗ്രൂപ്പ് ചാമ്പ്യന്മാർ ആവാൻ പി.എസ്.ജി; വിജയിച്ചു മടങ്ങാൻ യുവൻ്റസ്.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജി ഇന്ന് യുവൻ്റസിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് നടക്കുന്ന മത്സരത്തിൽ യുവൻ്റസാണ് ആതിഥേയത്വം അരുളുന്നത്. ടൂറിനിലെ അലിയൻസ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഇരുവരും തമ്മിൽ പാർക് ഡെസ് പ്രിൻസസിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ 2 ഗോളുകൾക്ക് പി.എസ്.ജിയാണ് വിജയിച്ചത്. യുവെൻ്റസിന് ആകെ അവകാശപ്പെടുവാൻ ഉള്ളത് മക്കാബി ഹൈഫക്കെതിരെ നേടിയ ഏക വിജയം മാത്രമാണ്. 5 മത്സരങ്ങളിൽ നിന്നും 11 പോയിൻ്റ് നേടിയ പി.എസ്.ജി തന്നെയാണ് ടേബിളിൽ തലപ്പത്ത്. ബെനഫിക്കയ്ക്കും അത്രയും പോയിൻ്റ് തന്നെയുണ്ടെങ്കിലും ഗോൾ ശരാശരിയിൽ പാരീസിയൻസാണ് മുമ്പിൽ.
ഇന്ന് യുവൻ്റസിനെ പരാജയപ്പെടുത്തുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഗാൾട്ടിയർക്കും സംഘത്തിനും ഗ്രൂപ്പ് ചാമ്പ്യൻമാരായിക്കൊണ്ട് നോക്കൗട്ടിലേക്ക് പ്രവേശിക്കാൻ കഴിയൂ. അല്ലാത്ത പക്ഷം ബെനഫിക്ക ഗ്രൂപ്പ് ചാമ്പ്യന്മാർ ആകും. അതേസമയം ഒരു വിജയത്തോടെ ചാമ്പ്യൻസ് ലീഗിൽ നിന്നും പടിയിറങ്ങാൻ ആകും യുവെ ശ്രമിക്കുക. സ്വന്തം കാണികൾക്ക് മുന്നിൽ ഒരു ആശ്വാസ ജയം. സൂപ്പർ താരം നെയ്മർ ജൂനിയർ ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല. താരത്തിന് സസ്പെൻഷൻ ആണ്. മെസ്സി, എമ്പപ്പെ, റാമോസ് തുടങ്ങിയ ബാക്കി പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തിനുള്ള സ്ക്വാഡിൽ ഇടംകണ്ടെത്തിയിട്ടുണ്ട്. എന്തായാലും ഒരു വാശിയേറിയ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.