മാർസെയ്യിയെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി ടോട്ടനം നോക്കൗട്ടിൽ.!
യുവേഫ ചാമ്പ്യൻസ് ലീഗിലെ അതിവാശിയേറിയ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ് ഒളിംപിക് മാർസെയ്യിയ്ക്കെതിരെ ടോട്ടനം ഹോട്സ്പറിന് ആവേശോജ്വല വിജയം. മാർസെയ്യിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആണ് സ്പർസ് വിജയക്കൊടി പാറിച്ചത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ആതിഥേയരാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. ഒരു ഷോർട്ട്കോർണറിൽ നിന്നും വെറട്ടൗട്ടിൻ്റെ മികച്ച ക്രോസ്സ് ബോക്സിലേക്ക്. കാത്തുനിന്ന ചാൻസൽ എംബെമ്പയുടെ തകർപ്പൻ ഹെഡ്ഡർ ലോറിസിനെ മറികടന്ന് വലയിൽ പതിച്ചു. മാർസെയ്യിയുടെ ഈയൊരു ഗോളിൻ്റെ ലീഡിൽ 1-0 എന്ന നിലയിൽ ആദ്യ പകുതി അവസാനിച്ചു.

തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റ് തികയുന്നതിനു മുന്നേ സ്പർസ് വെടിപൊട്ടിച്ചു. ഒരു ഹെഡ്ഡറിന് മറുപടിയായി മറുഹെഡ്ഡർ. 54ആം മിനിറ്റിൽ തങ്ങൾക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഇവാൻ പെരിസിച്ച് ഒരു ഇൻസ്വിങ്ങിങ് കിക്കിലൂടെ ബോക്സിലേക്ക് നൽകി. ക്ലേമൻ്റ് ലെങ്ങ്ലെറ്റിൻ്റെ പവർഫുൾ ഹെഡ്ഡർ മാർസെയ്യി കീപ്പറെ നിസ്സഹായനാക്കിക്കൊണ്ട് വലയിൽ പതിച്ചു. ഇതിന് ശേഷം ഇരുടീമുകളും ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഏറ്റവുമൊടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിറ്റിൽ ഡാനിഷ് താരം ഹോജ്ബർഗിലൂടെ സ്പർസ് തങ്ങളുടെ വിജയഗോൾ സ്വന്തമാക്കി. ഹാരി കെയ്ൻ്റെ അസിസ്റ്റിൽ നിന്നുമാണ് ഹോജ്ബർഗ് സന്ദർശകരുടെ വിജയഗോൾ കണ്ടെത്തിയത്. ഇതോടെ മാർസെയ്യിയുടെ നോക്കൗട്ട് മോഹങ്ങളും സ്പർസ് തല്ലിക്കെടുത്തി. മാത്രമല്ല 6 മത്സരങ്ങളിൽ നിന്നും 11 പോയിൻ്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാർ ആയികൊണ്ട് നോക്കൗട്ടിലേക്ക് പ്രവേശിക്കുവാനും അൻ്റോണിയോ കോൻ്റെയ്ക്കും സംഘത്തിനും സാധിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പോർട്ടിംഗിനെ കീഴടക്കിക്കൊണ്ട് ഫ്രാങ്ക്ഫർട്ടും നോക്കൗട്ട് യോഗ്യത സ്വന്തമാക്കി.