ആദ്യ മത്സരത്തിലെ തോൽവിക്ക് നപോളിയോട് പകരംവീട്ടി ലിവർപൂൾ.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നപോളിക്കെതിരെ നടന്ന മത്സരത്തിൽ ലിവർപൂളിന് വിജയം. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ആതിഥേയർ ജയിച്ചുകയറിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും പിറന്നത്. ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടും ആദ്യപകുതി വിരളമായത് ആരാധകരിൽ നിരാശയുണ്ടാക്കി. രണ്ടാം പകുതിയിലും അതേസ്ഥിതി തുടർന്നതോടെ മത്സരം സമനിലയിലേക്ക് നീങ്ങുകയാണോ എന്നുപോലും തോന്നിയതാണ്.
എന്നാൽ 85ആം മിനിറ്റിൽ സൂപ്പർ താരം മൊഹമ്മദ് സലാ ലിവർപൂളിന് ലീഡ് നേടിക്കൊടുത്തു. സിമിക്കാസ് എടുത്ത കോർണർ ആണ് ഒരു കൂട്ടപ്പൊരിച്ചിലിനൊടുവിൽ സലയിലൂടെ ഗോൾ ആയിമാറിയത്. ലീഡ് നേടിയതോടെ മത്സരത്തിന് കുറച്ചുകൂടി വാശിയേറി. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം ഡാർവിൻ ന്യൂനസിലൂടെ ആതിഥേയർ തങ്ങളുടെ രണ്ടാംഗോൾ കണ്ടെത്തി. അതോടെ മത്സരം ഏറെക്കുറെ അവസാനിച്ചു. ഈയൊരു വിജയത്തോടെ ആദ്യ മത്സരത്തിൽ നപോളിയോട് ഏറ്റ തോൽവിക്ക് ഒരു പകരം വീട്ടൽ കൂടിയായി ഇത്. 5 മത്സരങ്ങളിൽ നിന്നും ഇരുടീമുകൾക്കും 15 പോയിൻ്റ് വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ മുമ്പിൽ ആയതിനാൽ നപോളിയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഇരുടീമുകൾക്കും ഗ്രൂപ്പിൽ നിന്നും നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുവാനും സാധിച്ചു.