ഇൻ്ററിനെ കീഴടക്കി സർവ്വാധിപത്യത്തോടെ ബയേൺ.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇൻ്റർ മിലാനെതിരെ നടന്ന മത്സരത്തിൽ ബയേണിന് വിജയം. സ്വന്തം മൈതാനമായ അലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് നെഗൽസ്മാൻ്റെ ചുണക്കുട്ടികൾ വിജയക്കൊടി പാറിച്ചത്. ഇതോടെ ഗ്രൂപ്പിൽ നിന്നും സർവ്വാധിപത്യത്തോടെ നോക്കൗട്ടിലേക്ക് പ്രവേശിക്കുവാൻ ബയേണിനായി. 6 മത്സരങ്ങളിൽ ഒന്നിൽ പോലും അവർ തോൽവി അറിഞ്ഞിട്ടില്ല. 6 മത്സരങ്ങളും വിജയിച്ചു. ബാഴ്സ, ഇൻ്റർ എന്നീ വമ്പൻ ക്ലബുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ ബയേൺ അടിച്ചത് 18 ഗോളുകൾ. ആകെ വഴങ്ങിയത് കേവലം 2 ഗോളുകളും. എന്തായാലും ഇതിലും വലിയ ആധിപത്യം ഇതുപോലൊരു മരണഗ്രൂപ്പിൽ സ്ഥാപിക്കുവാൻ കഴിയില്ല.
മത്സരത്തിൻ്റെ 32ആം മിനിറ്റിൽ ഫ്രഞ്ച് ഡിഫൻഡർ ബെഞ്ചമിൻ പവാർഡ് ആണ് ആതിഥേയർക്കായി ആദ്യഗോൾ നേടിയത്. ജോഷ്വാ കിമ്മിച്ച് ആണ് ഈയൊരു ഗോളിൻ്റെ അസിസ്റ്റ് സ്വന്തമാക്കിയത്. ഈയൊരു ഗോളിൽ ലീഡ് എടുത്ത ബയേൺ 1-0 എന്ന നിലയിൽ ആദ്യ പകുതി അവസാനിപ്പിച്ചു. ശേഷം രണ്ടാം പകുതിയിൽ 72 ആം മിനിറ്റിൽ ചോപ്പോ മോട്ടിങ്ങിലൂടെ ബയേൺ മത്സരത്തിലെ അവസാന ഗോളും നേടി. വിങ്ബാക്ക് താരം അൽഫോൺസോ ഡേവീസ് നൽകിയ അസിസ്റ്റിൽ നിന്നുമാണ് മോട്ടിങ്ങ് ഗോൾ സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ബയേണിൻ്റെ ആധിപത്യമായിരുന്നു. ഈയൊരു തിളക്കമാർന്ന വിജയത്തോടെ സമ്പൂർണ ആധിപത്യത്തോടെ നോക്കൗട്ടിലേക്ക് പ്രവേശിക്കുവാനും ടീമിനായി.