അത്ലറ്റിക്കോയെ കീഴടക്കി പോർട്ടോ; ഇനി ആരോടും തോൽക്കാൻ ഇല്ല.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിന് വീണ്ടും തോൽവി. എഫ്സി പോർട്ടോക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് സിമിയോണിയും സംഘവും അടിയറവ് പറഞ്ഞത്. ഇതോടെ ഗ്രൂപ്പിൽ നിന്ന് ഒരു നാണംകെട്ട റെക്കോർഡോടെയാണ് അത്ലറ്റിക്കോ പുറത്തായിരിക്കുന്നത്. താരതമ്യേന ചെറിയ ഗ്രൂപ്പ് ആയിരുന്നിട്ടും ഗ്രൂപ്പിലുള്ള 3 ടീമുകളോടും സിമിയോണിയുടെ ശിഷ്യന്മാർ പരാജയപ്പെട്ടു. അതോടൊപ്പം യൂറോപ്പ ലീഗിലും അവസരം ലഭിക്കാതെയാണ് അവർ പുറത്തായിരിക്കുന്നത്. ഗ്രൂപ്പിലെ 3ആം സ്ഥാനക്കാർ ആണ് യൂറോപ്പ യോഗ്യത നേടുക. പോർട്ടോയോടും തോറ്റതോടെ അവർ 4ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്തായാലും ഇനി നാണംകെടാൻ ഒന്നുമില്ല. മത്സരത്തിൻ്റെ അഞ്ചാം മിനിറ്റിൽ തന്നെ ആതിഥേയർ ലീഡ് നേടി. ഇറാൻ താരം മെഹ്ദി ടറേമിയാണ് പോർട്ടോയ്ക്ക് വേണ്ടി വലകുലുക്കിയത്. എവനിൽസൺ ഈയൊരു ഗോളിന് വഴിയൊരുക്കി. അതിന് ശേഷം 24ആം മിനിറ്റിൽ സ്റ്റീഫൻ എസ്റ്റക്കിയോയിലൂടെ പോർട്ടോ ലീഡ് ഇരട്ടിയാക്കി. ഗലേനോയുടെ അസിസ്റ്റിൽ നിന്നുമാണ് താരം ഗോൾ നേടിയത്. അതോടെ 2-0 എന്ന നിലയിലായ മത്സരത്തിൽ ഒരിക്കൽ പോലും അത്ലറ്റിക്കോ താരങ്ങൾക്ക് ഒരു മേധാവിത്വം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞില്ല. കളിയിലെ സർവ്വമേഖലയിലും പോർട്ടോയ്ക്കായിരുന്നു ആധിപത്യം. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ 4ആം മിനിറ്റിൽ കരാസ്കോ എടുത്ത കോർണർ ക്ലിയർ ചെയ്യുവാൻ ശ്രമിക്കവേ ഇവാൻ മർക്കാനോ വഴി അത്ലറ്റിക്കോ സെൽഫ് ഗോൾ നേടി. അതോടെ സ്കോർ 2-1 എന്നായി. എന്നാൽ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള സമയം പിന്നീട് ഇല്ലായിരുന്നു. എന്തായാലും ഇത്രയും ഗതികേട് സമീപകാലത്ത് സിമിയോണിയ്ക്ക് ഉണ്ടായിട്ടുണ്ടാവില്ല.