തോറ്റാൽ പണിയാകും; ടോട്ടനാമിന് ഇന്ന് നിർണായകം.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ പ്രീമിയർലീഗ് വമ്പന്മാരായ ടോട്ടനം ഹോട്സ്പർ ഫ്രഞ്ച് ക്ലബായ ഒളിംപിക് മാർസെയ്യിയെ നേരിടും. ഇരു ടീമുകളെയും സമ്പന്ധിച്ചിടത്തോളം ഇന്നത്തേത് നിർണായക മത്സരമാണ്. കാരണം ഗ്രൂപ്പിൽ നിന്നും ആർക്ക് വേണമെങ്കിലും നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കാം എന്ന അവസ്ഥയാണ് നിലവിലുള്ളത്. 5 മത്സരങ്ങളിൽ നിന്നും 8 പോയിൻ്റ് കൈവശമുള്ള സ്പർസ് ആണ് ടേബിളിൽ ഒന്നാമത്. അത്രയും കളികളിൽ നിന്നും 7 പോയിൻ്റ് വീതമുള്ള സ്പോർട്ടിങ്, ഫ്രാങ്ക്ഫർട്ട് എന്നീ ടീമുകൾ 3ഉം 4ഉം സ്ഥാനങ്ങളിലുണ്ട്. 6 പോയിൻ്റുള്ള മാർസെയ്യിയാണ് ടേബിളിൽ അവസാന സ്ഥാനത്ത്. 4 ടീമുകളും തമ്മിൽ വലിയ പോയിൻ്റ് വ്യത്യാസം ഇല്ലാത്തതുകൊണ്ടുതന്നെ ഇന്ന് വിജയിക്കുന്ന ടീമുകൾക്ക് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുവാൻ കഴിയും. അതിനാൽ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് മാർസെയ്യിയുടെ തട്ടകമായ സ്റ്റേഡ് വെലോഡ്രോമിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഇരുടീമുകളും അവരുടെ ഏറ്റവും ശക്തമായ ഇലവനെ തന്നെ അനിനിരത്താനാണ് സാധ്യത. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബുണ്ടെസ് ലിഗ ക്ലബായ ഫ്രാങ്ക്ഫർട്ട് പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ്ങിനെ നേരിടും.