ആദ്യ മത്സരത്തിലെ തോൽവിക്ക് കണക്ക് തീർക്കാൻ ലിവർപൂൾ; എതിരാളികൾ നപോളി.!
ചാമ്പ്യൻസ് ലീഗിൽ ഇന്ന് കരുത്തരായ ലിവർപൂൾ നപോളിയെ നേരിടും. ആദ്യ പാദത്തിൽ നപോളിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 4 ഗോളുകൾക്ക് ക്ലോപ്പും സംഘവും പരാജയപ്പെട്ടിരുന്നു. ഇതിനൊരു പ്രതികാരം വീട്ടൽ ആകും ആൻഫീൽഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ ലിവർപൂൾ ലക്ഷ്യമിടുന്നത്. നിലവിൽ ഗ്രൂപ്പ് എയിൽ നിന്നും ഇരുടീമുകളും നോക്കൗട്ടിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം അത്ര പ്രാധാന്യമുള്ളതല്ല. എന്നാലും 4 ഗോൾ മാർജിനിൽ നപോളിയെ കീഴടക്കാൻ കഴിഞ്ഞാൽ ഒരു പ്രതികാരത്തിനപ്പുറം ഗോൾ വ്യത്യാസത്തിൽ അവരെ മറികടന്നുകൊണ്ട് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറുവാൻ ലിവർപൂളിന് സാധിക്കും. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് ലിവർപൂളിൻ്റെ തട്ടകമായ ആൻഫീൽഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. അവസാനം നടന്ന 2 പ്രീമിയർലീഗ് മത്സരങ്ങളിൽ ദുർബലരായ നോട്ടിംഗാം ഫോറസ്റ്റ്, ലീഡ്സ് യുണൈറ്റഡ് എന്നീ ടീമുകളോട് പരാജയം ഏറ്റുവാങ്ങിക്കൊണ്ടാണ് ലിവർപൂളിൻ്റെ വരവ്. അതേസമയം നപോളി ഗ്രൂപ്പിൽ അപരാജിതരാണ്. കളിച്ച 5 മത്സരങ്ങളും അവർ വിജയിച്ചു. കൂടാതെ സീരി എയിലും അവർ പരാജയം എന്തെന്ന് അറിയാതെ ടേബിളിൽ തലപ്പത്ത് തന്നെയുണ്ട്. അതുകൊണ്ടുതന്നെ ക്ലോപ്പിനും സംഘത്തിനും അവരെ അനായാസം മറികടക്കുവാൻ കഴിയുകയില്ല. നേരെമറിച്ച് ഇന്നത്തെ മസരത്തിൽ നപോളി വിജയിച്ചാലും അത്ഭുതപ്പെടാനില്ല. എന്തായാലും ഈയൊരു വാശിയേറിയ പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം.