യു.സി.എല്ലിൽ നിന്നും വിജയത്തോടെ വിടവാങ്ങാൻ ബാർസ; എതിരാളികൾ പ്ലസൻ.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാർസലോണ ഇന്ന് തങ്ങളുടെ അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം അർദ്ധരാത്രി 1.30 ന് നടക്കുന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കൻ ക്ലബ് ആയ വിക്ടോറിയ പ്ലാസനെയാണ് ബാർസ നേരിടുക. പ്ലാസൻ്റെ തട്ടകമായ ഡൂസൻ അരീനയിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഇരുടീമുകളും ഇതിനോടകം തന്നെ നോക്കൗട്ട് സ്റ്റേജിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്നൊരു ആശ്വാസ ജയം നേടിക്കൊണ്ട് മടങ്ങുവാൻ ആകും ഇരുകൂട്ടരും ശ്രമിക്കുക. നിലവിൽ 5 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റ് മാത്രം കൈവശമുള്ള ബാർസ ടേബിളിൽ 3ആം സ്ഥാനത്താണ്. അത്രയും മത്സരങ്ങളിൽ നിന്നും ഒരു വിജയം പോലും അവകാശപ്പെടാനില്ലാത്ത പ്ലാസൻ 0 പോയിൻ്റുമായി ടേബിളിൽ അവസാന സ്ഥാനത്താണ്. ഈയൊരു കാരണംകൊണ്ടുതന്നെ ഏതുവിധേനയും ബാർസയെ തോൽപ്പിച്ചുകൊണ്ട് നാണക്കേട് ഇല്ലാതെ മടങ്ങുവാൻ ആകും പ്ലാസൻ ശ്രമിക്കുക. അതേസമയം യു.സി.എല്ലിൽ നിന്നും പുറത്തായ നിരാശയിലാണ് ബാർസയുള്ളത്. ഒരു വിജയത്തോടെ വിടവാങ്ങുവാൻ ആകും ഇന്നവരും ശ്രമിക്കുക. ഇരുടീമുകളും തമ്മിൽ ആദ്യപാദത്തിൽ ക്യാമ്പ് നൗവിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ 5 ഗോളുകൾക്ക് ബാർസയാണ് വിജയിച്ചത്. ഇന്ന് പ്ലാസൻ അതിന് പകരംവീട്ടിയാൽ ഗ്രൂപ്പിലെ എല്ലാ ടീമുകളോടും പരാജയപ്പെട്ടു എന്ന നാണംകെട്ട റെക്കോർഡ് കൂടി സാവിയും സംഘവും സ്വന്തമാക്കും. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.