ലേലത്തിന് മുന്നെ താക്കൂറിനെ റിലീസ് ചെയ്യാനൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്
ഐപിഎൽ 2023 ലേലത്തിന് മുമ്പ് ഡൽഹി ക്യാപിറ്റൽസ് ശാർദുൽ താക്കൂറിനെ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഐപിഎൽ 2023 ലേലത്തിൽ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ ഓൾറൗണ്ടറെ തിരികെ വാങ്ങുന്നതിനായാണ് ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
നിലവിൽ ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനൊപ്പം താക്കൂർ ഓസ്ട്രേലിയയിലാണ്. ഔദ്യോഗികമായി ടീമിന്റെ ഭാഗമല്ലെങ്കിലും റിസർവ് കളിക്കാരിൽ ഒരാളായാണ് താരം ഓസ്ട്രേലിയയിലേക്ക് പറന്നത്. 10.75 കോടി രൂപയ്ക്ക് കഴിഞ്ഞ മെഗാ ലേലത്തിൽ സ്വന്തമാക്കിയ താരത്തിന് ഈ മൂല്യത്തിനൊത്ത പ്രകടനം കഴിഞ്ഞ സീസണിൽ പുറത്തെടുക്കാനായിരുന്നില്ല.
അതോടൊപ്പം വിട്ടുമാറാത്ത പരിക്കും ഡൽഹിക്ക് തലവേദനയാണ്. ഇതിനാലാണ് താരത്തെ റിലീസ് ചെയ്ത് ലേലത്തിൽ കുറഞ്ഞ വിലയ്ക്ക് വീണ്ടും ടീമിലെടുക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ കളിച്ച താരത്തിന് 120 റൺസ് മാത്രമാണ് നേടാനായത്. 15 വിക്കറ്റ് വീഴ്ത്തിയിട്ടും, 31-കാരന്റെ ഇക്കോണമി നിരക്ക് പത്തിന് അടുത്തായിരുന്നു,
തന്റെ മുൻ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിൽ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയതാണ് ഉയർന്ന തുക നൽകി ക്യാപിറ്റിൽസ് താക്കൂറിനെ തങ്ങളുടെ പാളയത്തിൽ എത്തിച്ചത്.