ഷെരീഫിനെ തകർത്ത് യുണൈറ്റഡ്; റൊണാൾഡോയ്ക്കും ഗോൾ.!
യൂറോപ്പ ലീഗിലെ ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ മൊൾഡോവൻ ക്ലബ് ആയ ഷെരീഫിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് ടെൻ ഹാഗും സംഘവും വിജയക്കൊടി പാറിച്ചത്.യുണൈറ്റഡിൻ്റെ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ അവസാന നിമിഷമാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. ക്രിസ്റ്റ്യൻ എറിക്സൺ എടുത്ത കോർണർ ഒരു മികച്ച ഹെഡ്ഡറിലൂടെ ഡിയേഗോ ഡാലോട്ട് വലയിലാക്കുകയായിരുന്നു. ഈയൊരു ഗോളിൻ്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ ആതിഥേയർക്കായി. തുടർന്ന് രണ്ടാം പകുതിയിൽ 65 ആം മിനിറ്റിൽ റാഷ്ഫോർഡിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിപ്പിച്ചു. ഇടത് പാർശ്വത്തിൽ നിന്നും ലൂക് ഷാ നൽകിയ ക്രോസ് ഒരു ഹെഡ്ഡറിലൂടെ റാഷ്ഫോർഡ് വലയിലെത്തിച്ചു. സ്കോർ 2-0.
പിന്നീട് മത്സരത്തിൻ്റെ 81ആം മിനിറ്റിലാണ് ആരാധകർക്ക് ആവേശമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ പിറക്കുന്നത്. ബ്രുണോ ഫെർണാണ്ടസ് ബോക്സിലേക്ക് നൽകിയ ക്രോസിൽ റൊണാൾഡോ ലക്ഷ്യത്തിലേക്ക് ഹെഡ് ചെയ്തെങ്കിലും ഷെരീഫ് കീപ്പർ അത് തട്ടിയകറ്റി. എന്നാൽ റീബൗണ്ട് വന്ന പന്ത് റൊണാൾഡോ ലക്ഷ്യം തെറ്റാതെ പോസ്റ്റിലേക്ക് തന്നെ അടിച്ചുകയറ്റി. സ്കോർ 3-0. അതിന് ശേഷം ഗോളുകൾ ഒന്നും തന്നെ പിറന്നില്ല. മത്സരത്തിൽ സമ്പൂർണ ആധിപത്യം യുണൈറ്റഡിനായിരുന്നു. ഒരു ഷോട്ട് പോലും അടിക്കാൻ ഷെരീഫിനെ അവർ അനുവദിച്ചില്ല.
എന്തായാലും 5 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റ് നേടിയ യുണൈറ്റഡ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. അത്രയും കളികളിൽ നിന്നും 3 പോയിൻ്റുള്ള ഷെരീഫ് 3ആം സ്ഥാനത്തും.