പി.എസ്.വിയോട് പരാജയം ഏറ്റുവാങ്ങി ആഴ്സനൽ.!
യുവേഫ യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സനലിന് തോൽവി. എതിരില്ലാത്ത 2 ഗോളുകൾക്ക് ഡച്ച് ക്ലബ് ആയ പി.എസ്.വി എയിൻന്തോവനാണ് ഗണ്ണേഴ്സിനെ തകർത്തത്. പി.എസ്.വിയുടെ തട്ടകമായ ഫിലിപ്സ് സ്റ്റേഡിയോണിൽ നടന്ന മത്സരത്തിൽ ജോയ് വീർമാൻ, ലൂക് ഡിജോങ് എന്നിവരാണ് ആതിഥേയർക്കായി ഗോൾ നേടിയത്. ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയുടെ 55 ആം മിനിറ്റിലാണ് പി.എസ്.വി ആദ്യ വെടി പൊട്ടിച്ചത്. സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലിറങ്ങിയ ഡച്ച് താരം ലൂക് ഡിജോങ് നൽകിയ പാസിൽ നിന്നും ജോയ് വീർമാനാണ് ആതിഥേയർക്കായി വലകുലുക്കിയത്. അതോടെ മത്സരം 1-0 എന്ന നിലയിലായി. പിന്നീട് 8 മിനിട്ടിൻ്റെ ഇടവേളയിൽ പി.എസ്.വി രണ്ടാം ഗോളും നേടിക്കൊണ്ട് മത്സരം തങ്ങളുടെ വരുതിയിൽ ആക്കുകയായിരുന്നു. കോർണറിൽ നിന്നും ലൂക് ഡിജോങ് ഒരു ഫ്രീ ഹെഡ്ഡറിലൂടെയാണ് പി.എസ്.വിക്ക് ലീഡ് നേടിക്കൊടുത്തത്. അതോടെ മത്സരത്തിൻ്റെ കാര്യത്തിൽ ഏറെക്കുറെ തീരുമാനമായി.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് തോറ്റതിന് സ്വന്തം മൈതാനത്ത് വെച്ച് കണക്ക് തീർത്ത് പി.എസ്.വി മാസ് കാണിച്ചെന്ന് വേണം പറയാൻ. കൂടുതൽ സമയം പന്ത് കൈവശം വെയ്ക്കുകയും കൂടുതൽ ഗോൾ ശ്രമങ്ങൾ നടത്തുകയും ഒക്കെ ചെയ്തെങ്കിലും 3 ഷോട്ടുകൾ മാത്രമാണ് ആഴ്സനലിന് പി.എസ്.വിക്ക് നേരെ അടിക്കാൻ കഴിഞ്ഞത്. എന്തായാലും മത്സരം പരാജയപ്പെട്ടെങ്കിലും ടേബിളിൽ ഒന്നാം സ്ഥാനത്ത് ആഴ്സനൽ തന്നെയാണ്. അവർ നോക്കൗട്ട് നേരത്തെ തന്നെ ഏതാണ്ട് ഉറപ്പിച്ചിരുന്നു. 5 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റ് ആണ് ഗണ്ണേഴ്സിൻ്റെ സമ്പാദ്യം. അത്രയും മത്സരങ്ങളിൽ നിന്നും 10 പോയിൻ്റ് സ്വന്തമാക്കിയ പി.എസ്.വി തൊട്ടു പിന്നിലുണ്ട്. ആദ്യ സ്ഥാനക്കാർ ആവും നോക്കൗട്ടിലേക്ക് ഡയറക്ട് ആയി കയറുക. രണ്ടാം സ്ഥാനക്കാർക്ക് പ്ലെയ് ഓഫ് കളിക്കേണ്ടി വരും.