നോക്കൗട്ട് ഉറപ്പിക്കാൻ യുണൈറ്റഡ് ഇറങ്ങുന്നു; എതിരാളികൾ ഷെരീഫ്.!
യുവേഫ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഇ യിലെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് മോൾഡോവൻ ക്ലബ് ആയ എഫ്സി ഷെരീഫിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് യുണൈറ്റഡിൻ്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ ടെൻ ഹാഗിനും സംഘത്തിനും നോക്കൗട്ട് ഉറപ്പിക്കാൻ കഴിയും. നേരെ മറിച്ച് തോൽക്കുകയാണെങ്കിൽ നോക്കൗട്ട് പ്രവേശനത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയിച്ചുകൊണ്ട് നേരത്തെ നോക്കൗട്ട് ടിക്കറ്റ് എടുക്കുവാൻ ആകും യുണൈറ്റഡിൻ്റെ പ്ലാൻ.
അച്ചടക്ക ലംഘനത്തിൻ്റെ വിലക്ക് മൂലം കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയേക്കും. താരത്തിന് ഫോമിലേക്ക് തിരിച്ചുവരാൻ കിട്ടുന്ന ഒരവസരമാണിത്. അതുകൊണ്ട് തന്നെ ഇന്ന് ക്രിസ്റ്റ്യാനോ ഒരു ഗോൾ എങ്കിലും സ്കോർ ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇരുവരും തമ്മിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്ക് യുണൈറ്റഡ് വിജയിച്ചിരുന്നു. ഇന്ന് അതിനൊരു കണക്ക് വീട്ടൽ എന്നോണം വിജയിച്ചുകൊണ്ട് ശേഷിക്കുന്ന നോക്കൗട്ട് സാധ്യതകൾ സജീവമാക്കാൻ ആകും ഷെരീഫ് ശ്രമിക്കുക. ചാമ്പ്യൻസ് ലീഗിൽ റയലിനെ കീഴടക്കിയ ചരിത്രവും അവർക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ഒരു അട്ടിമറി നടന്നാലും അത്ഭുതപ്പെടാനില്ല. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.