യൂറോപ്പ ലീഗ്; അപരാജിത കുതിപ്പ് തുടരാൻ ആഴ്സനൽ.!
യൂറോപ്പ ലീഗിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിനായി അർട്ടേറ്റയും സംഘവും ഇന്നിറങ്ങും. നെതർലാൻഡ്സ് ക്ലബ് ആയ പി.എസ്.വി എയിന്തോവനുമായാണ് മത്സരം. ഇന്ത്യൻ സമയം രാത്രി 10.15 ന് പി.എസ്.വിയുടെ തട്ടകമായ ഫിലിപ്സ് സ്റ്റേഡിയോണിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ ഗ്രൂപ്പിൽ അപരാജിതരാണ് ഗണ്ണേഴ്സ്. ഇന്നത്തെ മത്സരത്തിലും വിജയിച്ചുകൊണ്ട് ഈയൊരു അപരാജിത കുതിപ്പ് തുടരുവാൻ ആകും അവർ ശ്രമിക്കുക. മറുവശത്ത് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് തോറ്റതിന് സ്വന്തം തട്ടകത്തിൽ വെച്ച് പ്രതികാരം വീട്ടാൻ ആവും പി.എസ്.വി ശ്രമിക്കുക. 4 മത്സരങ്ങളിൽ നിന്നും 4ഉം വിജയിച്ചുകൊണ്ട് 12 പോയിൻ്റോടെ ടേബിളിൽ തലപ്പത്ത് ആണ് ആഴ്സനൽ. അവർ ഇതിനോടകം തന്നെ നോക്കൗട്ടിൽ കടന്നിട്ടുണ്ട്. 4 മത്സരങ്ങളിൽ നിന്നും 7 പോയിൻ്റ് നേടിയ പി.എസ് വി തൊട്ടുപിന്നിലുണ്ട്. ഇന്നത്തെ മത്സരത്തിൽ ഗണ്ണേഴ്സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ അവർക്കും നോക്കൗട്ട് ഉറപ്പിക്കാൻ കഴിയും. എന്തായാലും വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.






































