ടോട്ടനാമിനെ സമനിലയിൽ കുരുക്കി സ്‌പോർട്ടിങ്.!
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഡി യിൽ നടന്ന പോരാട്ടത്തിൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങിനിനെതിരെ ടോട്ടനാമിന് സമനില. സ്പർസിൻ്റെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരം ആയിരുന്നിട്ടും വിജയം നേടാൻ കഴിയാതിരുന്നത് ടീമിന് നാണക്കേടായി. ഇതോടെ 5 മത്സരങ്ങളിൽ നിന്നും 8 പോയിൻ്റ് ആണ് സ്പർസിൻ്റെ സമ്പാദ്യം. അത്രയും മത്സരങ്ങളിൽ നിന്നും 7 പോയിൻ്റ് നേടിയ സ്പോർട്ടിംഗ് തൊട്ടുപിന്നിലുണ്ട്. 7ഉം 6ഉം പോയിൻ്റുകൾ വീതമുള്ള ഫ്രാങ്ക്ഫർട്ടും, മാർസെയ്യിയും യഥാക്രമം 3ഉം 4ഉം സ്ഥാനങ്ങളിലാണ്. ഓരോ പോയിൻ്റ് വ്യത്യാസം മാത്രമാണ് ടീമുകൾ തമ്മിലുള്ളത്. അതുകൊണ്ടുതന്നെ ഡി ഗ്രൂപ്പ് ഒരു ഫോട്ടോ ഫിനിഷിലേക്ക് ആണ് പോകുന്നത്. അവസാന മത്സരമായിരിക്കും ഗ്രൂപ്പിലെ നോക്കൗട്ട് കടക്കുന്ന ടീമുകളെ നിർണയിക്കുന്നത്. ടോട്ടനം മാർസെയ്യിയെയും, ഫ്രാങ്ക്ഫർട്ട് സ്പോർട്ടിംഗിനെയുമാണ് അവസാന മത്സരത്തിൽ നേരിടുന്നത്. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നോക്കൗട്ടിൽ കടക്കാൻ കഴിയും.
സ്പോർട്ടിങ്ങിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ സ്പർസിന് നോക്കൗട്ട് ഉറപ്പിക്കാൻ കഴിയുമായിരുന്നു. ടോട്ടനം ഹോട്സ്പർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സന്ദർശകർ ആണ് ആദ്യം ഗോൾ നേടിയത്. 22 ആം മിനിറ്റിൽ പൗളീഞ്ഞോയുടെ അസിസ്റ്റിൽ നിന്നും ഇംഗ്ലീഷ് യുവതാരം മാർക്കസ് എഡ്വേർഡ്സ് ആണ് സപോർട്ടിങ്ങിനായി വലകുലുക്കിയത്. ഈയൊരു ഗോൾ മാത്രമായിരുന്നു ആദ്യ പകുതിയിൽ പിറന്നത്. അതിനൊരു മറുപടി കൊടുക്കാൻ ആതിഥേയർ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒന്നും നടന്നില്ല. ഒടുവിൽ 80 ആം മിനിറ്റിൽ പെരിസിച്ചിൻ്റെ കോർണറിൽ നിന്നും ബെൻ്റങ്കർ സ്പർസിനെ രക്ഷിക്കുകയായിരുന്നു. അതോടെ മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചു. ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം ഹാരി കെയ്ൻ ഗോൾ നേടി ടീം ഒന്നടങ്കം വിജയം ആഘോഷിച്ചെങ്കിലും വാർ പരിശോധനയിൽ കെയ്ൻ ഓഫ് സൈഡ് ആണെന്ന് കണ്ടെത്തിയതിനാൽ റഫറി ഗോൾ നിഷേധിച്ചു. സ്പോർട്ടിങ്ങിനോട് അവരുടെ മൈതാനത്ത് തോറ്റതിന് പ്രതികാരം വീട്ടാനും കോൻ്റെയ്ക്കും സംഘത്തിനും ആയില്ല.