പ്ലാസനേ തകർത്ത് നോക്കൗട്ട് ഉറപ്പിച്ച് ഇൻ്റർ.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സി യിൽ നടന്ന മത്സരത്തിൽ വിക്ടോറിയ പ്ലാസനെതിരെ ഇൻ്റർ മിലാന് തകർപ്പൻ വിജയം. സ്വന്തം മൈതാനമായ സാൻ സിറോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്കാണ് ഇൻ്ററിൻെറ വിജയം. മത്സരത്തിൽ സ്ട്രൈക്കർ എഡിൻ സെക്കോ ഇരട്ട ഗോളുകൾ നേടിയപ്പോൾ മെഖിത്താര്യൻ, ലുകാകു എന്നിവർ ഓരോ ഗോളുകൾ വീതം നേടി. ഈയൊരു വിജയത്തോടെ നോക്കൗട്ട് ഉറപ്പിക്കാനും ഇൻ്റർ മിലാന് കഴിഞ്ഞു. ആദ്യ പകുതിയുടെ 35 ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറക്കുന്നത് ഡിഫൻഡർ ബാസ്തോണിയുടെ ക്രോസിന് തല വെച്ചുകൊണ്ട് മെഖിത്താര്യൻ ഇൻ്ററിൻ്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. അധികം വൈകാതെ തന്നെ സെക്കോയിലൂടെ ലീഡ് ഇരട്ടിപ്പിക്കുവാനും ആതിഥേയർക്കായി. വിങ്ങർ ഡിമാർക്കോ നൽകിയ ക്രോസിൽ നിന്നുമാണ് സെക്കോ വലകുലുക്കിയത്. അതോടെ 2-0 എന്ന നിലയിൽ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ 66 മിനിറ്റിൽ എഡിൻ സെക്കോ തൻ്റെ ഇരട്ടഗോൾ നേട്ടം പൂർത്തിയാക്കി. ലൗത്താരോ മാർട്ടിനെസാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. തുടർന്നാണ് 83ആം മിനിറ്റിൽ ലുക്കാകുവിനെ മാർട്ടിനെസിൻ്റെ പകരക്കാരൻ ആയിക്കൊണ്ട് പരിശീലകൻ കളത്തിലിറക്കുന്നത്. കഴിഞ്ഞ മത്സരങ്ങൾ പരിക്ക് മൂലം അദേഹത്തിന് നഷ്ടമായതാണ്. എന്തായാലും അതിൻ്റെയെല്ലാം വിടവ് ഒരു ഗോളിലൂടെ നികതുവാൻ താരത്തിനായി. ഇറങ്ങി 4 മിനിറ്റ് തികഞ്ഞപ്പോഴേക്കും ടീമിൻ്റെ നാലാം ഗോൾ ലുകാകു സ്വന്തം പേരിൽ കുറിച്ചു. ജോക്കിം കൊറിയ ആയിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയത്. എന്തായാലും ഈയൊരു വിജയത്തോടെ നോക്കൗട്ട് ഉറപ്പിക്കാനും ഇൻ്റർ മിലാന് കഴിഞ്ഞു. അതേ സമയം കളിച്ച 5 മത്സരം മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങാനായിരുന്നു പ്ലാസൻ്റെ യോഗം.
5 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റ് നേടിയ ഇൻ്റർ ബയേണിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. വരുന്ന മത്സരത്തിൽ ബയേണിനോട് പരാജയം രുചിച്ചാൽ പോലും ഇൻ്ററിന് ഭയക്കേണ്ട കാര്യമില്ല.