ബാഴ്സയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം; എതിരാളികൾ ബയേൺ.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാർസലോണ ഇന്ന് ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുകയാണ്. കരുത്തരായ ബയേൺ മ്യുണിക്കുമായാണ് മത്സരം. നോക്കൗട്ട് പ്രവേശനത്തിന് നേരിയ സാധ്യതകൾ മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. ഇന്നത്തെ മറ്റൊരു മത്സരത്തിൽ ഇൻ്റർ മിലാൻ വിക്ടോറിയ പ്ലസനോട് സമനില വഴങ്ങുകയോ തോൽക്കുകയോ ചെയ്താൽ ബാർസയുടെ നോക്കൗട്ട് സാധ്യതകൾ വർദ്ധിക്കും. അങ്ങനെ നടന്നാലും ബയേണിനെ പരാജയപ്പെടുത്തുക കൂടി ചെയ്താലേ കാര്യമുള്ളൂ. അല്ലാത്ത പക്ഷം നോക്കൗട്ട് റൗണ്ട് കാണാതെ ബാർസ പുറത്ത് പോകും. നേരെ മറിച്ച് ഇൻ്റർ ഇന്ന് വിക്ടോറിയ പ്ലസനെ പരാജയപ്പെടുത്തിയാലും ബാർസ പുറത്താകുന്ന അവസ്ഥയാണ്. എന്തായാലും നേരിയ സാധ്യതകൾ ആണെങ്കിൽ പോലും അവ നിലനിൽക്കണമെങ്കിൽ ബാർസയ്ക്ക് ഇന്ന് ബയേണിനെ മറികടന്നെ മതിയാകൂ. അതുകൊണ്ടുതന്നെ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് ഇന്ന് പ്രതീക്ഷിക്കാം. സ്വന്തം മൈതാനത്താണ് മത്സരം നടക്കുന്നത് എന്ന ആനുകൂല്യം കൂടി ബാർസയ്ക്ക് ഉണ്ടാകും.
ഇരുവരും തമ്മിൽ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്ക് ബയേൺ വിജയിക്കുകയായിരുന്നു. ഇന്ന് അതിനൊരു പ്രതികാരം വീട്ടാനുറച്ച് ആകും സാവിയും സംഘവും കളത്തിലിറങ്ങുക. തകർപ്പൻ ഫോമിലുള്ള സൂപ്പർ താരം ലെവണ്ടോസ്കിയിൽ തന്നെയാണ് ബാർസയുടെ പ്രതീക്ഷകൾ. ഒപ്പം കളി നിയന്ത്രിക്കാൻ പോന്ന കരുത്തുള്ള താരങ്ങളാണ് ഡെമ്പലെയും, പെഡ്രിയും. മറുവശത്ത് മാനെ, മുസിയാല, മുള്ളർ, ഗനാബ്രി തുടങ്ങിയ സൂപ്പർ താരനിര തന്നെയാണ് ബയേണിനുള്ളത്. പരിക്കിൻ്റെ പിടിയിൽ ആയതിനാൽ സാനെ ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല. എന്തായാലും ഏവരും കാത്തിരിക്കുന്നൊരു മത്സരമായിരിക്കും ഇന്നത്തേത്. പഴയ ടീമിനെതിരെ ലെവണ്ടോസ്കിക്ക് ഗോൾ നേടുവാൻ കഴിയുമോയെന്ന് കാത്തിരുന്നുകാണാം. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ബാർസയുടെ തട്ടകമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.






































