മെസ്സിയും എംബാപ്പെയും മിന്നിത്തിളങ്ങി; മക്കാബി ഹൈഫയെ ഗോൾമഴയിൽ മുക്കി പിഎസ്ജി.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയ്ക്ക് തകർപ്പൻ വിജയം. സൂപ്പർ താരങ്ങളായ മെസ്സിയുടെയും എംബാപ്പെയുടെയും ഇരട്ടഗോളുകളുടെ പിൻബലത്തിൽ രണ്ടിനെതിരെ ഏഴ് ഗോളുകൾക്കാണ് അവർ മക്കാബി ഹൈഫയെ തകർത്തുവിട്ടത്. ഒരു ഗോൾവിരുന്നിനു തന്നെയാണ് പാർക് ഡെസ് പ്രിൻസസ് സാക്ഷ്യംവഹിച്ചത്. ഇരട്ട ഗോളുകൾ കൂടാതെ ഇരട്ട അസിസ്റ്റുകളും മെസ്സിയും എംബാപ്പെയും സ്വന്തമാക്കി. മത്സരത്തിൻ്റെ 19,44 മിനിറ്റുകളിലാണ് മെസ്സിയുടെ ഗോളുകൾ പിറന്നത്. താരത്തിൻ്റെ 2 ഗോളുകൾക്കും വഴിയൊരുക്കിയത് എംബാപ്പെ ആയിരുന്നു. 32,64 മിനിറ്റുകളിലായിരുന്നു കിലിയൻ്റെ ഗോളുകൾ. താരത്തിൻ്റെ ഒരു ഗോളിന് വഴിയൊരുക്കിയത് ഹക്കിമിയാണ്. മത്സരത്തിലെ ശേഷിച്ച ഗോളുകളിൽ നെയ്മറും, കാർലോസ് സോളറും ഓരോ ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ ഹൈഫ താരത്തിൻ്റെ സെൽഫ് ഗോൾ ആയിരുന്നു. ആദ്യ പകുതിയുടെ 35ആം മിനിറ്റിലാണ് നെയ്മർ വലകുലുക്കിയത്. ലയണൽ മെസ്സിയാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. പിന്നീട് ഏറ്റവുമൊടുവിൽ സോളർ നേടിയ ഗോളിന് വഴിയൊരുക്കിയതും മെസ്സി തന്നെയാണ്.
മക്കാബിയുടെ 2 ഗോളുകളും നേടിയത് ഡിഫൻഡർ അബ്ദൗലയെ സെക്ക് ആണ്. 2 ഗോളുകളും താരം ഹെഡ്ഡറിലൂടെയാണ് നേടിയത്. 67ആം മിനിറ്റിൽ മറ്റൊരു ഡിഫൻഡർ ഗോൾഡ്ബർഗ് ആണ് സെൽഫ് ഗോൾ നേടിയത്. എന്തായാലും ആരാധകർക്ക് ഒരു ഗോൾവിരുന്ന് തന്നെയൊരുക്കാൻ പിഎസ്ജിയ്ക്ക് കഴിഞ്ഞു. ഇതോടെ പിഎസ്ജി നോക്കൗട്ട് ഉറപ്പിച്ചു. 5 കളികളിൽ നിന്നും 11 പോയിൻ്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ് അവർ. ബെനഫിക്കയും ഇതേ പോയിൻ്റോടെ ഗ്രൂപ്പിൽ നിന്നും നോക്കൗട്ട് ഉറപ്പിച്ചു.






































