ഹാവർട്സിൻ്റെ ഇടിവെട്ട് ഗോളിൽ സാൽസ്ബർഗിനെ കീഴടക്കി ചെൽസി.!
ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഇ യിലെ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെൽസിക്ക് വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്ക് സാൽസ്ബർഗിനെയാണ് അവർ കീഴടക്കിയത്. സാൽസ്ബർഗിൻ്റെ മൈതാനമായ റെഡ്ബുൾ അരീനയിൽ നടന്ന മത്സരത്തിൽ 23ആം മിനിറ്റിൽ തന്നെ ചെൽസി ലീഡ് നേടി. ബോക്സിന് ഉള്ളിൽ നടന്ന കൂട്ടപ്പൊരിച്ചിലിൽ ഹാവർട്സിൻ്റെ ഗോൾ ശ്രമം സാൽസ്ബർഗ് ഡിഫൻഡറുടെ ബ്ലോക്കിൽ തട്ടി കൊവാസിച്ചിന് നേർക്ക് വന്നു. ബോൾ വന്ന വഴി തന്നെ താരം ബോക്സിന് വെളിയിൽ നിന്നും ഒരു ഇടം കാൽ ഷോട്ടിലൂടെ പന്ത് വലയിലാക്കി. പോസ്റ്റിൻ്റെ ഇടത് മൂലയിൽ ആയിരുന്നത് കൊണ്ടുതന്നെ ഗോളിക്ക് നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ പകുതിയിൽ ഒന്നിലേറെ ഗോൾ നേടാനുള്ള അവസരങ്ങൾ ചെൽസിക്ക് ലഭിച്ചിരുന്നു. നിർഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഒബാമയാങ്ങിന് മൽസരത്തിൽ ഗോൾ നേടുവാൻ ആകാതെപോയത്. 1-0 എന്ന നിലയിൽ ആദ്യ പകുതിക്ക് അവസാനമായി.
രണ്ടാം പകുതി ആരംഭിച്ച് 3 മിനിറ്റ് തികഞ്ഞപ്പോഴേക്കും സാൽസ്ബർഗ് വെടിപൊട്ടിച്ചു. റൈറ്റ്ബാക്ക് താരം മാക്സിമിലിയൻ വോബറിൻ്റെ അസിസ്റ്റിൽ നിന്നും സ്ട്രൈക്കർ അഡാമു ആണ് സ്കോർ ചെയ്തത്. അതോടെ മത്സരം 1-1 എന്ന നിലയിൽ വാശിയേറിയതായി. തുടർന്ന് 64 മിനിറ്റിലാണ് ഹാവർട്സിൻ്റെ വെടിക്കെട്ട് ഗോൾ പിറക്കുന്നത്. ബോക്സിൻ്റെ വലത് പാർശ്വത്തിലൂടെ മുന്നേറിയ പുലിസിച്ച് 3 സാൽസ്ബർഗ് താരങ്ങളെ വെട്ടിയൊഴിഞ്ഞ് പന്ത് ഹാവർട്സിന് നൽകി. മനോഹരമായ ആദ്യ ടച്ചിൽ പന്ത് ഇടത്തേക്ക് മാറ്റിയ താരം ഒരു തകർപ്പൻ ഇടംകാൽ ഷോട്ടിൽ പന്ത് വലയിലാക്കി. കർവ് ചെയ്ത പന്ത് ബാറിലും തട്ടി പോസ്റ്റിൻ്റെ ഇടത് മൂലയിലേക്കാണ് ചാഞ്ഞിറങ്ങിയത്. ഈയൊരു തകർപ്പൻ ഗോളിലൂടെ മത്സരം ചെൽസി തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. അതോടെ 5 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റ് നേടിയ ചെൽസി നോക്കൗട്ട് ഉറപ്പിച്ചു. തോറ്റെങ്കിലും സാൽസ്ബർഗ് രണ്ടാം സ്ഥാനത്തുള്ള എസി മിലാനുമായി ഒരു പോയിൻ്റ് വ്യത്യാസത്തിൽ 3 ആം സ്ഥാനത്തുണ്ട്. അടുത്ത മത്സരത്തിൽ മിലാനെ പരാജയപ്പെടുത്തിയാൽ അവർക്ക് നോക്കൗട്ടിൽ കയറുവാൻ കഴിയും.






































