യു.സി.എൽ; റയൽ മാഡ്രിഡിന് ഇന്ന് എതിരാളികൾ ലീപ്സിഗ്.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ജർമൻ ക്ലബായ ആർ.ബി ലീപ്സിഗിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ലീപ്സിഗിൻ്റെ മൈതാനമായ റെഡ്ബുൾ അരീനയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. നിലവിൽ ഗ്രൂപ്പ് എഫിൽ നിന്നും റയൽ നോക്കൗട്ട് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ ആഞ്ചെലോട്ടി ഇന്ന് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയേക്കും. ലീപ്സിഗിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം നിർണായകമാണ്. 4 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റുമായി അവർ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ റയലിനെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തുവാൻ ലീപ്സിഗിന് കഴിയും.
ഇരുവരും തമ്മിൽ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്ക് റയലാണ് വിജയിച്ചത്. 4 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റാണ് റയലിൻ്റെ സമ്പാദ്യം. ഇനിയുള്ള മത്സരങ്ങളിൽ ഒന്നിൽ പരാജയപ്പെട്ടാൽ പോലും അവർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ തുടരെ മത്സരങ്ങൾ വരുന്നതിനാൽ ആഞ്ചേലോട്ടി ഇന്ന് ബെൻസീമ അടക്കമുള്ള പ്രധാന താരങ്ങൾക്ക് ആദ്യ ഇലവനിൽ നിന്നും വിശ്രമം നൽകിയേക്കും. എന്തുതന്നെയായാലും വാശിയേറിയൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.






































