സ്റ്റാംഫോർഡ് ബ്രിഡ്ജിൽ യുണൈറ്റഡിനെ നേരിടാൻ ചെൽസി.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടമാണ് അരങ്ങേറുന്നത്. ഇന്ത്യൻ സമയം രാത്രി 10 മണിക്ക് നടക്കുന്ന മത്സരത്തിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ ടോട്ടനാമിനെ തകർത്തതിൻ്റെ ആത്മവിശ്വാസത്തിലാണ് ടെൻഹാഗും സംഘവും ഇന്നത്തെ മത്സരത്തിനായി സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് എത്തിയിരിക്കുന്നത്. ചെൽസി ഒടുവിൽ നടന്ന മത്സരത്തിൽ ബ്രെൻ്റ്ഫോർഡിനോട് സമനില വഴങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് റോളിൽ പോലും കളത്തിൽ ഇറക്കാത്തതിനെ തുടർന്ന് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം പൂർത്തിയാകും മുമ്പ് മൈതാനം വിട്ടത് ഫുട്ബോൾ ലോകത്ത് വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒട്ടേറെ പ്രമുഖർ താരത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. താരത്തെ കളത്തിൽ ഇറക്കാതിരുന്ന ടെൻഹാഗിനെതിരെയും വിമർശനങ്ങൾ ഉണ്ടായി. എന്തായാലും രണ്ടാമത്തെ പ്രാവശ്യമാണ് ഇതേ പ്രവർത്തി റൊണാൾഡോ ആവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിനെതിരെ യുണൈറ്റഡ് മാനേജ്മെൻ്റ് നടപടി എടുത്തിട്ടുണ്ട്. ഇന്നത്തെ മത്സരത്തിനായുള്ള സ്ക്വാഡിൽ നിന്നും താരത്തെ ഒഴിവാക്കി. അതിനാൽ ക്രിസ്റ്റ്യാനോയെ ഇന്ന് നമുക്ക് കാണുവാൻ കഴിയില്ല.
10 മത്സരങ്ങളിൽ നിന്നും 20 പോയിൻ്റ് നേടിയ ചെൽസി ടേബിളിൽ 4ആം സ്ഥാനത്താണ്. അത്രയും മത്സരങ്ങളിൽ നിന്നുതന്നെ 19 പോയിൻ്റുമായി യുണൈറ്റഡ് തൊട്ടുപുറകിൽ തന്നെയുണ്ട്. അതുകൊണ്ടുതന്നെ ചെൽസിയെ പിന്തള്ളി ടേബിളിൽ ടോപ് 4ൽ പ്രവേശിക്കുവാൻ ലഭിക്കുന്ന സുവർണാവസരമാണ് യുണൈറ്റഡിനെ സമ്പന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം. നേരെ മറിച്ച് യുണൈറ്റഡ് പരാജയപ്പെടുകയാണെങ്കിൽ അവരുടെ ടോപ് 4 സ്വപ്നം വീണ്ടും നീളും. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത അതെ സ്ക്വാഡിനെ തന്നെയാകും ടെൻഹാഗ് ഇന്നത്തെ മത്സരത്തിലും കളത്തിലിറക്കുക. ചെൽസിയിലും മാറ്റങ്ങൾ ഉണ്ടാവാൻ ഇടയില്ല. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.






































