European Football Foot Ball Top News

സീരി എയിൽ എമ്പോളിയെ പഞ്ഞിക്കിട്ട് യുവൻ്റസ്.!

October 22, 2022

author:

സീരി എയിൽ എമ്പോളിയെ പഞ്ഞിക്കിട്ട് യുവൻ്റസ്.!

ഇറ്റാലിയൻ സീരി എയിൽ യുവൻ്റസിന് തകർപ്പൻ വിജയം. സ്വന്തം മൈതാനമായ ട്യുറിനിലെ അലിയൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് എമ്പോളിയെയാണ് അവർ കീഴടക്കിയത്. മത്സരത്തിൽ റാബിയോട്ട് ഇരട്ടഗോൾ നേടിയപ്പോൾ കീൻ, മക്കെന്നി എന്നിവർ ഓരോ ഗോളുകൾ സ്വന്തമാക്കി. ആദ്യ പകുതിയുടെ 8ആം മിനിറ്റിൽ മോയിസസ് കീനിലൂടെയാണ് യുവെ ആദ്യ ഗോൾ നേടുന്നത്. ഫിലിപ്പ് കോസ്റ്റിച്ചിൻ്റെ അസിസ്റ്റിൽ നിന്നുമാണ് കീൻ വലകുലുക്കിയത്. ആദ്യ പകുതിയിൽ ഈയൊരു ഗോൾ മാത്രമാണ് പിറന്നത്.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ചതിൻ്റെ ഫലമായി 58 ആം മിനിറ്റിൽ യുവെ ലീഡ് ഇരട്ടിപ്പിച്ചു. കൊളംബിയൻ താരം ക്വാഡ്രാഡോയുടെ പാസിൽ നിന്നും മാക്കെന്നിയാണ് ഗോൾ നേടിയത്. അതിന് ശേഷമാണ് റാബിയോട്ടിൻ്റെ ഇരട്ടഗോളുകൾ വരുന്നത്. 82 ആം മിനിറ്റിൽ ക്വാഡ്രാഡോ തന്നെ നൽകിയ അസിസ്റ്റിൽ റാബിയോട്ട് വലകുലുക്കി. സ്കോർ 3-0. പിന്നീട് ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം ഡാനിലോ നൽകിയ അസിസ്റ്റിൽ നിന്നും റാബിയോട്ട് ടീമിൻ്റെ അവസാന ഗോളും സ്വന്തം പേരിൽ കുറിച്ചു. അങ്ങനെ മത്സരം 4-0 എന്ന നിലയിൽ അവസാനിച്ചു.

മികച്ച വിജയമൊക്കെ സ്വന്തമാക്കിയെങ്കിൽ പോലും യുവൻ്റസ് ടേബിളിൽ ആദ്യ നാലിൽ ഇല്ല. അവർ 7ആം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റാണ് അലഗ്രിയുടെയും സംഘത്തിൻ്റെയും സമ്പാദ്യം. അത്രയും മത്സരങ്ങളിൽ നിന്നും 11 പോയിൻ്റ് കൈവശമുള്ള എമ്പോളി 11ആം സ്ഥാനത്താണ്.

Leave a comment