ഫ്രഞ്ച് ലീഗിൽ ഇന്ന് പിഎസ്ജി അജാക്സിയോയെ നേരിടും.!
ഫ്രഞ്ച് ലീഗ് 1 ൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ഇറങ്ങുകയാണ്. എതിരാളികൾ താരതമ്യേന ദുർബലരായ അജാക്സിയോയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് അജാക്സിയോയുടെ തട്ടകമായ സ്റ്റേഡ് ഫ്രാങ്കോയിസ് കോട്ടിയിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. സൂപ്പർ താരം നെയ്മർ ഇന്നത്തെ മത്സരത്തിനായുള്ള സ്ക്വാഡിൽ ഇല്ല. താരത്തിന് സസ്പെൻഷനാണ്. അതിനാൽ മുന്നേറ്റനിരയിൽ മെസ്സിക്കും എംബാപ്പെയ്ക്കുമൊപ്പം പാബ്ലോ സെറാബിയ ആയിരിക്കും ഇറങ്ങുക. കൂടാതെ 3 മത്സരങ്ങളിൽ നിന്നും വിലക്ക് നേരിടുന്ന റാമോസും ഇന്ന് ഉണ്ടാവില്ല. അതോടൊപ്പം കിമ്പെമ്പെ, ഡാനിലോ പെരേര തുടങ്ങിയവരും പരിക്ക് മൂലം ഇന്നത്തെ മത്സരത്തിനില്ല. അതിനാൽ മാർക്ക്വീഞ്ഞോസിനൊപ്പം നോർഡി മുകിയേലയായിരിക്കും സെൻ്റർ ബാക്ക് പൊസിഷനിൽ ഇറങ്ങുക. ചുരുക്കി പറഞ്ഞാൽ പ്രധാന താരങ്ങളായ നെയ്മർ, റാമോസ്, കിമ്പെമ്പെ, ഡാനിലോ പെരേര, ന്യൂനോ മെൻ്റസ് തുടങ്ങിയവർ ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല.
നിലവിൽ 11 മത്സരങ്ങളിൽ നിന്നും 29 പോയിൻ്റ് നേടിയ പിഎസ്ജി ടേബിളിൽ ഒന്നാം സ്ഥാനത്താണ്. അപരാജിത കുതിപ്പാണ് ക്രിസ്റ്റഫെ ഗാൾട്ടിയെർക്ക് കീഴിൽ പിഎസ്ജി നടത്തിക്കൊണ്ടിരിക്കുന്നത്. ഗാൾട്ടിയർക്കു കീഴിൽ പിഎസ്ജി ഇതുവരെ പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ല. മറുവശത്ത് 11 മത്സരങ്ങളിൽ നിന്നും 8 പോയിൻ്റ് മാത്രം സ്വന്തമായുള്ള അജാക്സിയോ ടേബിളിൽ 18ആം സ്ഥാനത്താണ്. റെലഗേഷൻ സോണിൽ നിന്നും കരകയറാൻ അവർക്ക് വിജയം അനിവാര്യമാണ്. എന്തായാലും കാത്തിരുന്നുകാണാം.






































