7 മിനിറ്റിനിടയിൽ 3 ഗോളുകൾ; വിയ്യാറയലിനെ തകർത്ത് ബാർസ.!
ലാ ലിഗയിൽ എഫ്സി ബാർസലോണയ്ക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് സാവിയും സംഘവും വിജയിച്ചത്. വിയ്യാ റയലിനെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ബാർസയ്ക്കായി ലെവണ്ടോസ്കി ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ നേടിയത് അൻസു ഫാറ്റിയാണ്. 7 മിനിറ്റിൻ്റെയിടയിലാണ് 3 ഗോളുകളും പിറന്നത് എന്നത് കൗതുകകരമായി. മത്സരത്തിൻ്റെ 31ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറക്കുന്നത്. വിങ്ങിൽ നിന്നും ജോർഡി ആൽബ ബോക്സിലേക്ക് നൽകിയ ക്രോസ്സ് ലെവ ഫസ്റ്റ് ടൈം ഷോട്ട് എടുക്കുന്നതിന് പകരം ബ്ലോക്ക് ചെയ്യാൻ വന്ന 2 പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഒന്ന് ടേൺ ചെയ്ത് വെട്ടിയൊഴിഞ്ഞുകൊണ്ട് ഒഴിഞ്ഞ പോസ്റ്റിലേക്ക് അടിച്ചു. സ്കോർ 1-0. ലീഡ് നേടി 4 മിനിറ്റ് തികഞ്ഞപ്പോഴേക്കും അടുത്ത ഗോളും പിറന്നു. ഗാവി നൽകിയ പാസ്സ് സ്വീകരിച്ച് ബോക്സിന് തൊട്ടുവെളിയിൽ ഇടതുമൂലയിൽ നിന്നും ലെവയുടെ തകർപ്പൻ ഷോട്ട്. ഗോളിയുടെ മുഴുനീള ഡൈവുകൊണ്ടും പന്ത് സേവ് ചെയ്യാൻ വിയാറയലിന് ആയില്ല. അതോടെ മത്സരം 2-0 എന്ന നിലയിലായി.
വെറും 3 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മൂന്നാം ഗോളും പിറന്നു. ഇത്തവണ അൻസു ഫാറ്റിയുടെ ഊഴമായിരുന്നു. ബോക്സിൽ വെച്ച് വിയ്യറയൽ താരങ്ങളെ ഡ്രിബിൾ ചെയ്ത് മുന്നേറിയ ഫെറാൻ ടോറസ് പന്ത് ഫാറ്റിയ്ക്ക് ക്രോസ്സ് ചെയ്തു. ഫാറ്റിയുടെ ഫസ്റ്റ്ടൈം ഷോട്ട് പോസ്റ്റിന് നേരെയാണ് പോയത്. എന്നാൽ പോസ്റ്റിലിടിച്ച് പന്ത് വീണ്ടും ഫാറ്റിയുടെ കാലുകളിലേക്ക് തന്നെയാണ് വന്നത്. താരം നിസാരം പന്ത് വലയിലേക്ക് തട്ടിയിട്ടു. സ്കോർ 3-0. ഇതോടെ ആദ്യ പകുതിയിൽ തന്നെ ബാർസ കളിയുടെ നിയന്ത്രണം സ്വന്തമാക്കി. രണ്ടാം പകുതിയിലും നിരവധിയായ അവസരങ്ങൾ ബാർസ സൃഷ്ടിച്ചെങ്കിലും അവയൊന്നും ഗോളായില്ല. കഴിഞ്ഞ മത്സരത്തിൽ നിന്നും കുറെ മാറ്റങ്ങൾ സാവി ഇന്നത്തെ മത്സരത്തിൽ നടത്തി. മുന്നേറ്റത്തിൽ ലെവയ്ക്കൊപ്പം ഫാറ്റിയും ടോറസ്സുമാണ് ഇറങ്ങിയത്. മിഡിൽ ഡിജോങ്, പെഡ്രി, ഗാവി സഖ്യം. പ്രതിരോധത്തിൽ കോണ്ടെയ്ക്കൊപ്പം അലോൺസോയാണ് സെൻ്റർ ബാക്ക് പൊസിഷനിൽ ഇറങ്ങിയത്. വിങ് ബാക്കുകളായി ആൽബയും റോബർട്ടോയും. എന്തായാലും മാറ്റങ്ങൾ എല്ലാം തന്നെ ഫലം കണ്ടു. വിലപ്പെട്ട 3 പോയിൻ്റുകൾ സ്വന്തമാക്കുവാനും ടീമിനായി. റയലിന് പിന്നിൽ 3 പോയിൻ്റ് വ്യത്യാസത്തിൽ 2ആം സ്ഥാനത്താണ് ബാർസ.