യൂറോപ്പ ലീഗിലെ ആഴ്സനലിൻ്റെ മാറ്റിവെച്ച മത്സരം ഇന്ന് നടക്കും.!
യുവേഫ യൂറോപ്പ ലീഗിൽ ആഴ്സനൽ ഇന്ന് പി.എസ്.വി എയിന്തോവനെ നേരിടും. കഴിഞ്ഞ സെപ്റ്റംബർ 15 ന് നടക്കേണ്ടിയിരുന്ന മത്സരമായിരുന്നു ഇത്. എന്നാൽ അന്ന് ക്വീൻ എലിസബത്തിൻ്റെ നിര്യാണത്തെ തുടർന്ന് മത്സരം മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു. പിന്നീട് മത്സരം ഇന്ന് നടത്തുവാൻ യുവേഫ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രീമിയർ ലീഗിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ആഴ്സനൽ, സിറ്റി മത്സരം വെക്കേണ്ടി വന്നിരുന്നു. എന്തായാലും ഇന്നത്തെ മത്സരം വിജയിച്ചാൽ ആഴ്സനലിന് നോക്കൗട്ട് ഉറപ്പിക്കാൻ കഴിയും. സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരമായതുകൊണ്ടുതന്നെ ഗണ്ണേഴ്സിന് അനായാസം വിജയിക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിലവിൽ പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ് ആഴ്സനൽ കളിച്ചുകൊണ്ടിരിക്കുന്നത്. ലീഗിൽ ടേബിൾ ടോപ്പേഴ്സാണ് ആഴ്സനൽ. യൂറോപ്പയിലും ഇതുവരെ അതിൻ്റെ തനിയാവർത്തനം തന്നെയാണ് കാണുവാൻ കഴിഞ്ഞിട്ടുള്ളത്.
3 മത്സരങ്ങളിൽ നിന്നും 7 പോയിൻ്റ് നേടിയ പി.എസ്.വി ടേബിളിൽ രണ്ടാം സ്ഥാനത്തുണ്ട്. ഇന്നൊരു അട്ടിമറി വിജയം നേടിയാൽ അവർക്കും നോക്കൗട്ട് ഏറെക്കുറെ ഉറപ്പിക്കാൻ കഴിയും. ഇന്ത്യൻ സമയം രാത്രി 10.30 നാണ് ഈയൊരു മത്സരം ആരംഭിക്കുക. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.






































