ബുണ്ടസ് ലിഗയിൽ ഗോൾ മഴ; ഓഗ്സ്ബർഗിനെ തകർത്ത് ബയേൺ.!
ബുണ്ടസ് ലിഗയിൽ ബയേൺ മ്യുണിക്കിന് തകർപ്പൻ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ഓഗ്സ്ബർഗിനെയാണ് അവർ തകർത്തുവിട്ടത്. ഓഗ്സ്ബർഗിൻ്റെ മൈതാനമായ WWK അരീനയിൽ നടന്ന മത്സരത്തിൽ ആതിഥേയർ തന്നെയാണ് ആദ്യം ലീഡ് നേടിയത്. 9ആം മിനിറ്റിൽ പെഡേർസണാണ് വലകുലുക്കിയത്. ശേഷം ചോപ്പോ മോട്ടിങ്ങിലൂടെ 27ആം മിനിറ്റിൽ ബയേൺ മറുപടി കൊടുത്തു. ഗനാബ്രിയുടെ അസിസ്റ്റിൽ നിന്നുമാണ് ഗോൾ പിറന്നത്. ഇതോടെ മത്സരം 1-1 എന്ന നിലയിലായി. ആദ്യ പകുതിയിൽ കൂടുതൽ ഗോളുകൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ ആയിരുന്നു ഗോൾമഴ പെയ്തത്. 53 മിനിറ്റിൽ ചോപ്പൊ മോട്ടിങ്ങിൻ്റെ പാസിൽ നിന്നും കിമ്മിച്ച് ബയേണിനെ മുന്നിലെത്തിച്ചു. 6 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മോട്ടിങ് തൻ്റെ ഇരട്ട ഗോൾ നേട്ടം പൂർത്തിയാക്കി. സ്കോർ 3-1.
അധികം വൈകാതെ തന്നെ 65ആം മിനിറ്റിൽ ഓഗ്സ്ബർഗ് ഒരു ഗോൾ മടക്കി. എന്നാൽ ഗോൾ ഉപമെക്കാനോയുടെ പേരിൽ ആയെന്ന് മാത്രം. ഇതൊരു സെൽഫ് ഗോൾ ആയിരുന്നു. അതോടെ മത്സരം ചൂടുപിടിച്ചു. അതിന് ഫലമെന്നോണം 74ആം മിനിറ്റിൽ അൽഫോൺസോ ഡേവിസിൻ്റെ അസിസ്റ്റിൽ നിന്നും മുസിയാല ബയേണിൻ്റെ നാലാം ഗോൾ സ്വന്തമാക്കി. അവസാന ഗോൾ വന്നത് ഇഞ്ചുറി ടൈമിലായിരുന്നു. ഇത്തവണ മുള്ളെറിൻ്റെ അസിസ്റ്റിൽ നിന്നും ഡേവിസ് ആണ് വലകുലുക്കിയത്. ചോപ്പോ മോട്ടിംഗ് 2 ഗോളുകളും 1 അസിസ്റ്റും നേടിയപ്പോൾ ഡേവിസ് ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കി.
10 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റ് നേടിയ ബയേൺ ടേബിളിൽ രണ്ടാം സ്ഥാനത്താണ്.