എൽച്ചെയേയും കീഴടക്കി അപരാജിത കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്.!
ലാ ലിഗയിൽ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം. എതിരില്ലാത്ത 3 ഗോളുകൾക്ക് അവർ എൽച്ചെയേയാണ് തകർത്തുവിട്ടത്. മാനുവേൽ മാർട്ടിനെസ് വലേരോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വൽവെർദെ, ബെൻസീമ, അസെൻസിയോ എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. 11 ആം മിനിറ്റിലാണ് വൽവെർദെയുടെ ഗോൾ വരുന്നത്. വിനിഷ്യസിൻ്റെ ഷോട്ട് ബ്ലോക്ക് ചെയ്ത് വന്നത് വൽവെർദെയുടെ കാലുകളിലേക്ക്. താരത്തിൻ്റെ ഇടംകാലൻ ഷോട്ട് ഗോളിക്ക് ഒരവസരം പോലും നൽകാതെ വലയിൽ. പിന്നീട് ആദ്യ പകുതിയിൽ കൂടുതൽ ഗോളുകൾ ഒന്നും പിറന്നില്ല. ഇതിനിടയിൽ 3 തവണ റയൽ സ്കോർ ചെയ്തെങ്കിലും വാറിൽ അവയെല്ലാം ഓഫ് സൈഡ് ആയി മാറി. 2 പ്രാവശ്യം ബെൻസീമയായിരുന്നെങ്കിൽ ഒരു വട്ടം അലാബയായിരുന്നു. അങ്ങനെ ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ 75 ആം മിനിറ്റിൽ ബെൻസീമ സ്കോർ ചെയ്തു. ഇത്തവണ ഓഫ് സൈഡ് ആയിരുന്നില്ല. താരം റോഡ്രിഗോയുമായി ചേർന്ന് നടത്തിയ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. പിന്നീട് 89ആം മിനിറ്റിൽ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്നുതന്നെ അസെൻസിയോ റയലിൻ്റെ പട്ടിക പൂർത്തിയാക്കി. സ്കോർ 3-0. ഗോൾമുഖത്ത് തകർപ്പൻ പ്രകടനമാണ് റയൽ കീപ്പർ ലുനിൻ പുറത്തെടുത്തത്.
10 മത്സരങ്ങളിൽ നിന്നും 28 പോയിൻ്റുമായി ടേബിളിൽ ഒന്നാമതാണ് റയൽ. എന്നാൽ എൽചെ അവസാന സ്ഥാനത്തായതിനാൽ തരംതാഴ്ത്തൽ ഭീഷണിയിലാണ്.