വെസ്റ്റ് ഹാമിനെ കീഴടക്കി ലിവർപൂൾ.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെതിരെ ലിവർപൂളിന് എതിരില്ലാത്ത ഒരു ഗോൾ വിജയം. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഡാർവിൻ ന്യൂനസാണ് ലിവർപൂളിനായി ഗോൾ നേടിയത്. സൂപ്പർ താരങ്ങളായ ലൂയിസ് ഡയസ്, ഡിയേഗോ ജോട്ട തുടങ്ങിയവരുടെ അഭാവം മത്സരത്തിൽ നിഴലിക്കാത്ത തരത്തിലുള്ള പ്രകടനം തന്നെയായിരുന്നു ലിവർപൂൾ പുറത്തെടുത്തത്. നിർഭാഗ്യവശാൽ ഒരു ഗോളിൽ ഒതുങ്ങിപോയെന്ന് മാത്രം. 22ആം മിനിറ്റിലാണ് മത്സരത്തിലെ ഏകഗോൾ പിറക്കുന്നത്. ലിവർപൂളിൻ്റെ ലെഫ്റ്റ് ബാക്ക് താരമായ സിമിക്കാസ് ബോക്സിലേക്ക് നൽകിയ ക്രോസിൽ നിന്നും ഒരു മികച്ച ഹെഡ്ഡറിലൂടെ ന്യൂനസ് പന്ത് വലയിലാക്കുകയായിരുന്നു. ശേഷം ആവേശം കൂടിയ മത്സരത്തിൽ 42 ആം മിനിറ്റിൽ വെസ്റ്റ്ഹാമിന് അനുകൂലമായി പെനൽറ്റി ലഭിച്ചു. വെസ്റ്റ്ഹാമിൻ്റെ വിങ്ങർ ആയ ജറോട് ബോവെനെ ലിവർപൂൾ ബാക്ക് ഗോമസ് ബോക്സിൽ ഫൗൾ ചെയ്തതിനാണ് വാറിൻ്റെ സഹായത്തോടെ റഫറി വെസ്റ്റ് ഹാമിന് അനുകൂലമായി പെനൽറ്റി വിളിച്ചത്. എന്നാൽ കിക്ക് എടുത്ത ബോവെന് പിഴച്ചു. ഒരു തകർപ്പൻ സേവിലൂടെ അലിസൺ ലിവർപൂളിൻ്റെ രക്ഷകനായി മാറി.
അതോടെ ഒപ്പമെത്താൻ ലഭിച്ച സുവർണാവസരം വെസ്റ്റ്ഹാമിനു നഷ്ടമായി. രണ്ടാം പകുതിയിൽ ഒട്ടനവധി അവസരങ്ങൾ ലിവർപൂൾ ഉണ്ടാക്കിയെടുത്തെങ്കിലും ഫിനിഷിങ്ങിലെ അപാഗത ഒന്നുകൊണ്ടുമാത്രം അവയൊന്നും ഗോൾ ആയില്ല. മറുവശത്ത് ഒപ്പമെത്താൻ ഉള്ള അവസരങ്ങൾ വീണ്ടും വെസ്റ്റ്ഹാമിനു ലഭിച്ചിരുന്നു. എന്നാൽ അവിടെയും ഫിനിഷിങ്ങിലെ പോരായ്മ തന്നെയാണ് വില്ലനായത്. ഇതോടെ ഏകപക്ഷീയമായ ഒരു ഗോളിന് ലിവർപൂൾ വിജയിച്ചു കയറുകയായിരുന്നു.
10 മത്സരങ്ങളിൽ നിന്നും 16 പോയിൻ്റ് നേടിയ ക്ലോപ്പിനും സംഘത്തിനും നാലാം സ്ഥാനത്തുള്ള ചെൽസിയേക്കാളും 4 പോയിൻ്റ് കുറവ് മാത്രമാണുള്ളത്. വെസ്റ്റ്ഹാം 11 മത്സരങ്ങളിൽ നിന്നും 11 പോയിൻ്റോടെ 13 ആം സ്ഥാനത്താണ്.






































