സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ മഹാരാഷ്ട്രയോടും തോൽവി
സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. മഹാരാഷ്ട്രയാണ് കേരളത്തിനെ കീഴടക്കിയത്. 40 റണ്‍സിനാണ് കേരളത്തിന്റെ തോല്‍വി. മഹാരാഷ്ട്ര ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
നായകനും ഓപ്പണറും ഇന്ത്യന്‍ ടീം അംഗവുമായ റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറിയാണ് മഹാരാഷ്ട്രയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ആദ്യ മൂന്ന് കളിയിലെ തുടര്‍ ജയങ്ങള്‍ക്കുശേഷം കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. 168 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍ രോഹന് കുന്നുമേല്‍ (58) തകര്‍ത്തടിച്ചെങ്കിലും കൂടെ പിടിച്ചുനിൽക്കാൻ ആരുമുണ്ടായില്ല. വിഷ്ണു വിനോദ് (10), സിജോമോന്‍ ജോസഫ് (18) എന്നിവര്‍ മാത്രമാണ് കേരളത്തിനായി രണ്ടക്കം കടന്നത്.
ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ് 7 പന്തില്‍ 3 റൺസ് മാത്രമെടുത്ത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ സച്ചിന് ബേബി (4), മുഹമ്മദ് അസറുദ്ദീന് (5), ഷോണ്‍ റോജര്‍ (3), അബദുള്‍ ബാസിത് (5) എന്നിവരും നിരാശപ്പെടുത്തി.
കഴിഞ്ഞ മത്സരത്തില്‍ കേരളത്തെ സര്‍വീസസ് 12 റണ്‍സിന് കീഴടക്കിയിരുന്നു. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് കേരളം ടൂര്‍ണമെന്റില്‍ തുടങ്ങിയത്. അരുണാചല്‍ പ്രദേശ്, ഹരിയാണ, കര്‍ണാടക എന്നീ ടീമുകളെ കേരളം തോല്‍പ്പിച്ചിരുന്നു.






































