ഐ.എസ്.എല്ലിൽ ഇന്ന് തീപാറും; ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെതിരെ.!
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകുകയാണ്. വൈകിട്ട് 7.30 ന് ആരംഭിക്കുന്ന മത്സരത്തിൽ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹൻ ബഗാനെ നേരിടും. 2 ദിവസം മുമ്പ് തന്നെ ഈ മത്സരത്തിനായുള്ള ടിക്കറ്റുകൾ പൂർണമായും വിറ്റുതീർന്നിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് സ്റ്റേഡിയത്തിൽ ബോക്സ്ഓഫീസ് ഉണ്ടായിരിക്കുകയില്ല. നിറഞ്ഞൊഴുകുന്ന ഗ്യാലറി തന്നെ നമുക്ക് കാണുവാൻ കഴിയും. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് 3 പോയിൻ്റ് സ്വന്തമാക്കിയതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം വിജയിച്ചാൽ 6 പോയിൻ്റുമായി ആധിപത്യത്തോടെ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുവാൻ കഴിയും. മറുവശത്ത് ആദ്യ മത്സരത്തിൽ ചെന്നൈയിനോട് പരാജയപ്പെട്ടുകൊണ്ടാണ് എടികെയുടെ വരവ്. അതുകൊണ്ടുതന്നെ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.
കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇവാൻ കലിയുഷ്ണി ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങിയേക്കാം. അല്ലാത്തപക്ഷം കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതേ ഇലവനെ തന്നെ വുകോമനോവിച്ച് പരീക്ഷിച്ചേക്കാം. സൂപ്പർ താരം ലൂണ, ഗിയാന്നു, കലിയുഷ്ണി, സഹൽ തുടങ്ങിയ താരങ്ങളിൽ ആണ് ബ്ലാസ്റ്റേഴ്സിൻ്റെ പ്രതീക്ഷ. മറുവശത്ത് ബൗമസ്, കൗക്കോ, ലിസ്റ്റൻ, മലയാളി താരം ആഷിക് തുടങ്ങിയവരിലാണ് എടികെ പ്രതീക്ഷകളൊക്കെയും. ഇരുവരും അവസാനം ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. എന്തായാലും ആർത്തിരമ്പുന്ന മഞ്ഞക്കടലിനെ സാക്ഷിനിർത്തി എടികെയെ മലർത്തിയടിക്കുവാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കട്ടെ എന്നു നമുക്ക് ആശംസിക്കാം.