അയാക്സിനെ തകർത്തുകൊണ്ട് നോക്കൗട്ട് ഉറപ്പിച്ച് നപോളി.!
യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് എ പോരാട്ടത്തിൽ അയാക്സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തുകൊണ്ട് ഇറ്റാലിയൻ ക്ലബ് ആയ നപോളി ചാമ്പ്യൻസ് ലീഗിൻ്റെ നോക്കൗട്ട് ഉറപ്പിച്ചു. നാപോളിയുടെ മൈതാനത്ത് നടന്ന മത്സത്തിൽ മത്സരത്തിൻ്റെ നാലാം മിനിറ്റിൽ തന്നെ ആതിഥേയർ ലീഡ് എടുത്തു. സെലിൻസ്കിയുടെ അസിസ്റ്റിൽ നിന്നും ലോസാനോയാണ് ഗോൾ നേടിയത്. അധികം വൈകാതെ തന്നെ 16 ആം മിനിറ്റിൽ റാസ്പടോറിയിലൂടെ നാപോളി ലീഡ് ഇരട്ടിപ്പിച്ചു. അങ്ങനെ ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിച്ചു.
തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ തന്നെ സന്ദർശകർ ഒരു ഗോൾ മടക്കി. മിഡ്ഫീൽഡ് താരം ക്ലാസെനാണ് അയാക്സിന് വേണ്ടി ഗോൾ നേടിയത്. എന്നാൽ തിരിച്ചുവരവിൻ്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് 62ആം മിനിറ്റിൽ നപോളിക്ക് അനുകൂലമായി പെനൽറ്റി. ബോക്സിനുള്ളിൽ വെച്ച് അയാക്സ് പ്രതിരോധതാരം ടിമ്പറിൻ്റെ ഹാൻഡ്ബോളിനാണ് റഫറി പെനൽറ്റി വിളിച്ചത്. കിക്ക് എടുത്ത ക്വരട്സ്ഹേലിയയ്ക്ക് പിഴച്ചില്ല. സ്കോർ 3-1. ഇതിന് മറുപടി എന്നോണം 83ആം മിനിറ്റിൽ ബർജ്വിനിലൂടെ അയാക്സ് വീണ്ടുമൊരു ഗോൾ കൂടി മടക്കി. സഹതാരം ബ്രോബ്ബെയെ നപോളി സെൻ്റർബാക്ക് താരം ജീസസ് വീഴ്ത്തിയതിന് ലഭിച്ച പനൽറ്റിയാണ് താരം ഗോളാക്കിമാറ്റിയത്. എന്നാൽ അതുകൊണ്ടും നപോളി അടങ്ങിയിരുന്നില്ല. 89 ആം മിനിറ്റിൽ സബ് ആയി കളത്തിലിറങ്ങിയ ഒസിംഹനിലൂടെ തങ്ങളുടെ നാലാം ഗോളും ടീം സ്വന്തമാക്കി. അങ്ങനെ ഗോൾ പട്ടിക പൂർത്തിയായി. ഇതോടെ 2 മത്സരങ്ങളിൽ നിന്നും 10 ഗോളുകളാണ് അയാക്സ് നപോളിയുടെ പക്കൽ നിന്നും വഴങ്ങിയിരിക്കുന്നത്. തുടർച്ചയായ 4ആം വിജയത്തോടെ നപൊളി നോക്കൗട്ട് ഉറപ്പിച്ചു. അയാക്സിന് ഇനി നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.






































