യു.സി.എൽ; ക്ലബ് ബ്രുഗ്ഗെയ്ക്കെതിരെ അത്ലറ്റിക്കോയ്ക്ക് വിരസസമനില.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിന് ക്ലബ് ബ്രുഗ്ഗെയ്ക്കെതിരെ ഗോൾരഹിത സമനില. അത്ലറ്റിക്കോയുടെ സ്വന്തം മൈതാനമായ മെട്രോ പൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആവുന്നത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ഒരു ഗോൾ പോലും നേടുവാൻ സിമിയോണിയ്ക്കും സംഘത്തിനും സാധിച്ചില്ല. മത്സരത്തിൻ്റെ ഭൂരിഭാഗവും പന്ത് കൈവശം വെച്ചത് അത്ലറ്റിക്കോ ആയിരുന്നു. കൂടാതെ 21 ഷോട്ടുകളാണ് മത്സരത്തിലാകെ അത്ലറ്റിക്കോ പായിച്ചത്. അതിൽ 9 ഓൺ ടാർഗറ്റ് ഷോട്ടുകളും. എന്നിട്ടുകൂടി ഒരു ഗോൾ പോലും കണ്ടെത്തുവാൻ ആകാത്തത് ആരാധകരെ നിരാശയിലാഴ്ത്തി. ഇതിനിടയിൽ 2 വട്ടം അത്ലറ്റിക്കോ ക്ലബ് ബ്രുഗ്ഗേയുടെ വലയിൽ പന്ത് എത്തിച്ചെങ്കിലും 2 ഉം നിർഭാഗ്യവശാൽ ഓഫ്സൈഡ് ആയിപോയി.
ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ ആദ്യപാദ മത്സരത്തിൽ ക്ലബ് ബ്രുഗ്ഗെ വിജയിച്ചിരുന്നു. അതിന് പകരം ചോദിക്കുവാൻ പക്ഷേ സിമിയോണിയ്ക്കും സംഘത്തിനും കഴിഞ്ഞില്ല. 82ആം മിനിറ്റിൽ ബ്രുഗ്ഗെയുടെ മുന്നേറ്റനിര താരം കമൽ സോവ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ ശേഷിച്ച സമയം 10 പേരുമായാണ് ക്ലബ് ബ്രുഗ്ഗേ മത്സരം പൂർത്തിയാക്കിയത്. എന്നാൽ ഈയൊരു അവസരവും മുതലെടുക്കാൻ അത്ലറ്റിക്കോയ്ക്കായില്ല.
ഇരുടീമുകളും 4 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 10 പോയിൻ്റുമായി ക്ലബ് ബ്രുഗ്ഗേയാണ് ഒന്നാം സ്ഥാനത്ത്. 4 പോയിൻ്റ് നേടിയ അത്ലറ്റിക്കോ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും പോർട്ടോ, ലെവർകൂസെൻ തുടങ്ങിയ ടീമുകൾ ഒരു മത്സരം കുറച്ചേ കളിച്ചിട്ടുള്ളു. ഇരുവരും തമ്മിലുള്ള മത്സരശേഷം ടേബിളിൽ ചലനങ്ങൾ ഉണ്ടായേക്കാം.






































